ഭൂമി ഇടപാട് ഭരണപരമായ പ്രശ്നം മാത്രമായി; കര്‍ദ്ദിനാളിനെയും സഹായമെത്രാന്മാരെയും അധിക്ഷേപിച്ചുള്ള വാര്‍ത്തകളില്‍ അപലപിച്ച് വൈദിക സമിതി പിരിഞ്ഞു; പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കും
ഭൂമി ഇടപാട് ഭരണപരമായ പ്രശ്നം മാത്രമായി; കര്‍ദ്ദിനാളിനെയും സഹായമെത്രാന്മാരെയും അധിക്ഷേപിച്ചുള്ള വാര്‍ത്തകളില്‍ അപലപിച്ച് വൈദിക സമിതി പിരിഞ്ഞു; പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കും
Authored by Web Desk | Last updated: 30 Jan 2018, 2:45 PM | 2 min read
കൊച്ചി: സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ അതിരുപതയിലെ ഭൂമി വില്‍പ്പന വിവാദം കെട്ടടങ്ങുന്നു. ഇന്നു ചേര്‍ന്ന വൈദിക സമിതി യോഗത്തിലാണ് കര്‍ദ്ദിനാളും സഹായമെത്രാന്മാരും വൈദികരും ഒത്തുതീര്‍പ്പില്‍ എത്തിയത്. ഇതോടെ ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷിച്ച മൂന്നു സമിതികളുടെ റിപ്പോര്‍ട്ടില്‍ അവസാന രണ്ടെണ്ണം വെളിച്ചംകാണാതെ കെട്ടടങ്ങി.
അതിരൂപതയിലെ പ്രശ്നങ്ങള്‍ക്ക് ശാന്തത വരുത്താന്‍ കര്‍ദ്ദിനാളും സഹായമെത്രാന്മാരും കൂടി തയ്യാറാക്കിയ സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച പള്ളികളില്‍ വായിക്കുമെന്ന് വൈദിക സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഭൂമി ഇടപാടിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന 169ാമത് വൈദിക സമിതിയോഗത്തില്‍ ഫാ.ബെന്നി മാരാംപറമ്പില്‍ കണ്‍വീനായി പ്രവര്‍ത്തിച്ച കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈ റിപ്പോര്ട്ടിന്മേല് വിപുലമായ ചര്‍ച്ചകള്‍ നടത്താന്‍ കര്‍ദ്ദിനാള്‍ തയ്യാറാണെന്നും എത്രയും വേഗം അതിലേക്കായി വൈദിക സമിതി വീണ്ടും വിളിച്ചുചേര്‍ക്കുമെന്നും കര്‍ദ്ദിനാള്‍ അറിയിച്ചതായി പ്രസ്താവനയില്‍ പറയുന്നു.
ഭൂമി ഇടപാടിന്റെ പേരില്‍ കര്‍ദ്ദിനാളിനേയും സഹായമെത്രാന്മാരേയും വൈദികരേയും അധിക്ഷേപിച്ചും കുറ്റപ്പെടുത്തിയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും മറ്റ് മാധ്യമങ്ങളിലും സ്ഥാപിത താല്പര്യക്കാര് നടത്തുന്ന വാര്‍ത്തകളും ചര്‍ച്ചകളും തികച്ചും അടിസ്ഥാന രഹിതമാണെന്ന് വൈദിക സമിതി പ്രസ്താവിച്ചു. ഈ പ്രശ്നം എറണാകുളം അതിരൂപതയുടെ ഭരണപരമായ ഒന്നാണെന്നും ഇതിന് ലിറ്റര്‍ജിയുമായി യാതൊരു ബന്ധമില്ലെന്നും വൈദിക സമിതി അടിവരയിട്ടു പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച അങ്കമാലി സുബോധന സെന്ററില്‍ ഏതാനും വ്യക്തികള്‍ 'സത്യദീപം' കത്തിച്ചതിനെയും സമാധാനപരമായി നടന്ന യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനെയും വൈദിക സമിതി ശക്തമായി അപലപിച്ചാണ് യോഗം പിരിഞ്ഞത്.
ഇന്നു ചേര്‍ന്ന വൈദിക സമിതിയില്‍ 47 വൈദികരാണ് പങ്കെടുത്തത്. അടുത്ത വൈദിക സമിതി ചേര്‍ന്നതിനു ശേഷമേ അതിരുപതയില്‍ പുതുതായി രൂപീകരിച്ച പാസ്റ്ററല്‍ കൗണ്‍സില്‍ വിളിച്ചുചേര്ക്കൂ. അതുകൊണ്ട് ഫെബ്രുവരി 10ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം മാറ്റിവച്ചു. സീറോ മലബാര്‍ സിനഡ് ആവശ്യപ്പെട്ടതനുസരിച്ച് അതിരൂപതയിുെടെ ദൈനംദിന ഭരണം സഹായമെത്രാന്മാരുമായി പങ്കിടുന്ന കര്‍ദ്ദിനാളിന്റെ തീരുമാനം വൈദിക സമിതിയില്‍ അവതരിപ്പിച്ചു. കര്‍ദ്ദിനാളും സഹായ മെത്രാന്മാരും കൂടി ഇപ്പോഴത്തെ പ്രശ്നങ്ങളെ സംബന്ധിച്ച് തയ്യാറാക്കുന്ന സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച പള്ളികളില്‍ വായിക്കുമെന്ന് കര്‍ദ്ദിനാള്‍ അറിയിച്ചതായും വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
ഭൂമി ഇടപാട് സഭയ്ക്കുള്ളില്‍ നിന്ന് കേസായി കോടതിലേക്ക് എത്തിയതും കോടതി സഹായമെത്രാന്മാര് അടക്കമുള്ളവര്‍ക്ക് സമന്‍സ് അയക്കുകയും ചെയ്തതോടെയാണ് ഒത്തുതീര്‍പ്പിലേക്ക് എത്തുന്നതെന്ന് സൂചനയുണ്ട്.
അതേസമയം, വൈദിക സമിതി ആവശ്യപ്പെട്ട പ്രകാരം അന്വേഷണ റിപ്പോര്‍ട്ട് വയ്ക്കാന്‍ കര്‍ദ്ദിനാള്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ട് താന്‍ അംഗീകരിക്കില്ലെന്ന് അദ്ദേഹം വൈദിക സമിതിയെ അറിയിച്ചതായും വാര്‍ത്തകളുണ്ട്.