
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധി വലിയ കടമ്പയാണെന്നും എന്നാല്‍ ഇതു മറികടക്കാന്‍ കഴിയുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്. പത്തുമാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
അതേസമയം, വിവാദ വിഷയത്തില്‍ മന്ത്രിയാകുന്നതിന് എതിരെ ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നും ശശീന്ദ്രഎന് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനത്തു നിന്ന് ശശീന്ദ്രന് ഒഴിയേണ്ടി വന്നത്. തുടര്‍ന്ന് കേസ് കഴിഞ്ഞ ദിവസം കോടതി തള്ളിയതിനെ തുടര്‍ന്നാണു പത്തു മാസത്തെ ഇടവേളയ്ക്കു ശേഷം ശശീന്ദ്രന് മന്ത്രിയാകുന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. എല്‍.ഡി.എഫ് മന്ത്രിസഭയില്‍ എന്‍.സി.പിയുടെ ഏക പ്രതിനിധിയാണ് എ.കെ ശശീന്ദ്രന്. ശശീന്ദ്രന് പകരം മന്ത്രിയായ തോമസ് ചാണ്ടിയും രാജിവയ്ക്കേണ്ട സാഹചര്യം ഉടലെടുത്തതോടെ എന്‍.സി.പിക്ക് രാജ്യത്ത് ആകെയുണ്ടായിരുന്ന ഏക മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു. ശശീന്ദ്രന് കുറ്റവിമുക്തനായതോടെ എന്‍.സി.പി മന്ത്രിസ്ഥാനത്തിനായി വീണ്ടും അവകാശവാദം ഉന്നയിക്കുകയായിരുന്നു.
ഫോണിലൂടെ മാധ്യമപ്രവര്‍ത്തകയോട് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് 2017 മാര്‍ച്ച് 26നാണ് ശശീന്ദ്രന് രാജിവച്ചത്. തുടര്‍ന്ന് തോമസ് ചാണ്ടി എന്‍.സി.പിയുടെ മന്ത്രിയായി. എന്നാല്‍ കായല്‍ കയ്യേറ്റ വിവാദങ്ങളെ തുടര്‍ന്ന് തോമസ് ചാണ്ടിക്ക് പുറത്ത് പോകേണ്ടിവന്നു. എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരും രാജിവച്ചൊഴിഞ്ഞ സാഹചര്യത്തില്‍ ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്നായിരുന്നു പാര്‍ട്ടിയിലെ ധാരണ.






