
ബംഗലുരു: കേരളത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥന വിഫലമാക്കി വിനോദയാത്രയ്ക്കിടെ ചിക്കമംഗലുരുവില്‍ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് നടന്ന തെരച്ചിലിനൊടുവില്‍ മാണിക്യധാര വ്യൂപോയിന്റ് താഴ്‌വാരത്താണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായതിന് നാലാം ദിവസമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. 1500 അടി താഴ്ചയില്‍ നിന്നുമാണ് കണ്ടെത്തിയതെന്നാണ് വിവരം. കുടുംബത്തോടൊപ്പം ചിക്കമംഗലൂരുവിലേക്ക് വിനോദയാത്ര പോയതായിരുന്നു ശ്രീനന്ദ.
താഴ്ചയുള്ള ഭാഗത്ത് കുട്ടി വീണതായിരിക്കാമെന്നാണ് സംശയിക്കുന്നത്. വനംവകുപ്പിന്റെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെത്തിച്ചു. ഇരുമ്പുവേലി കെട്ടി സുരക്ഷിതമാക്കിയ സ്ഥലമാണ്. ഇന്ന് പോലീസ്‌നായയെ ഉള്‍പ്പെടെ എത്തിച്ച് പരിശോധന നടത്തിയിരുന്നു. 40 അംഗ സംഘത്തോെടാപ്പമാണ് ശ്രീനന്ദ വിനോദസഞ്ചാരത്തിന് പോയത്. കുട്ടിയെ കാണാതായി പത്തുമിനിറ്റിനകം മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നു എന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. പോലീസും വനംവകുപ്പും അഗ്നിശമന വിഭാഗവുമായി 100 അംഗ സംഘമാണ് തിരച്ചില്‍ നടത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം.
കുട്ടിയെ കണ്ടെത്താന്‍ കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഇടപെട്ടിരുന്നു. ചൊവ്വാഴ്ചയാണ് ശ്രീനന്ദ വിനോദസഞ്ചാര സംഘത്തിനൊപ്പം ചിക്കമംഗലുരുവില്‍ എത്തിയത്. ഇവിടെ നിന്നും തിരികെ പോകാന്‍ ഒരുങ്ങുമ്പോള്‍ ശ്രീനന്ദയെ കാണാതാകുകയായിരുന്നു. പിന്നാലെ വീട്ടുകാര്‍ പരാതി നല്‍കുകയും ഉടന്‍ തന്നെ പരിശോധനകള്‍ നടക്കുകയായിരുന്നു. നാലു ദിവസത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.






