
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ടീമിനു വീണ്ടും തിരിച്ചടി. നായകന് ഫാഫ് ഡുപ്ലസിക്കും എബി ഡിവില്ല്യേഴ്സിനും പിന്നാലെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കും പരമ്പരയില്‍നിന്നു പുറത്തായി. രണ്ടാം ഏകദിനത്തിനിടെ കൈക്കുഴയ്ക്കേറ്റ പരിക്കാണ് ഡികോക്കിനു തിരിച്ചടിയായത്. ഇന്ത്യയ്ക്കെതിരേ മികച്ച റിക്കാര്‍ഡുള്ള ബാറ്റ്സ്മാനാണ് ഡികോക്ക്. നാലാഴ്ചത്തെ വിശ്രമമാണ് ഡികോക്കിനു ഡോക്ടര്‍മാര്‍ വിധിച്ചിരിക്കുന്നത്.
ഇതോടെ ശേഷിക്കുന്ന നാല് ഏകദിനങ്ങളും ട്വന്റി 20 പരമ്പരയും ഡികോക്കിനു നഷ്ടമാകും. പുതുമുഖ വിക്കറ്റ് കീപ്പര്‍ ഹെയ്ന്റിച്ച് ക്ലാസെനെ കഴിഞ്ഞ ദിവസം തന്നെ ടീമില്‍ ഉള്പ്പെടുത്തിയിരുന്നതിനാല് ദക്ഷിണാഫ്രിക്കന്‍ ടീമിനു ഡികോക്കിനു പകരക്കാരനെ തേടേണ്ടിവരില്ലെന്ന് വേണം പറയാന്‍.






