
റാണി ലക്ഷ്മിഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജസ്ഥാനിലെ ബ്രാഹ്മണ സമുദായംഗങ്ങള്‍ കങ്കണ റണാവത്ത് നായികയാവുന്ന മണികര്‍ണ്ണികയുടെ ചിത്രീകരണം തടസപ്പെടുത്തി. രാജസ്ഥാനില്‍ തന്നെയാണ് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
'സിനിമയുടെ ചിത്രീകരണം കുറച്ചുദിവസമായി ഇവിടെ നടക്കുന്നുണ്ട്. ഒരു ഇംീഷുകാരനുമായി റാണി ലക്ഷ്മിഭായിയുടെ പ്രണയരംഗങ്ങള്‍ ചിത്രത്തിലുളളതായി ഞങ്ങളറിഞ്ഞു. ഇവരുടെ പാട്ടുസീനും ചിത്രത്തിലുണ്ട്' സര്‍വ് ബ്രാഹ്മിണ്‍ മഹാസഭയുടെ സ്ഥാപക അംഗം സുരേഷ് മിശ്ര പറഞ്ഞു.
'ജയശ്രീ മിശ്ര എഴുതിയ റാണി എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ എടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ച പുസ്തകമാണിത്. പിന്നെന്തിനാണ് സിനിമക്കാര്‍ നിരോധിച്ച പുസ്തകത്തിലെ വിവരങ്ങള്‍ തന്നെ എടുക്കുന്നത്?' സുരേഷ് മിശ്ര ചോദിച്ചു.
സംസ്ഥാന കോണ്‍ഗ്രസ് സെക്രട്ടറിയാണ് 46കാരനായ മിശ്ര. തങ്ങളുന്നയിച്ച പ്രശ്നങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ബ്രാഹ്മിണ്‍ മഹാസഭ ചിത്രീകരണം തടസപ്പെടുത്തുമെന്നും സുരേഷ് മിശ്ര ഭീഷണിപ്പെടുത്തി. ബ്രിട്ടീഷ് ഓഫീസര്‍ റോബര്‍ട്ട് എല്ലീസുമായി റാണി ലക്ഷ്മിഭായിക്ക് പ്രണയം ഉണ്ടായിരുന്നുവെന്ന് ജയശ്രീ മിശ്രയുടെ പുസ്തകം 'റാണി'യില്‍ പറയുന്നുണ്ട്. 2008 ല്‍ മായാവതി സര്‍ക്കാരാണ് ഉത്തര്‍പ്രദേശില്‍ പുസ്തകം നിരോധിച്ചത്.
'ജനുവരി 9 ന് തന്നെ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് കത്തയച്ചു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും അവര്‍ ഒരു മറുപടിയും നല്‍കിയില്ല. 'ഝാന്‍സിയുടെ രാജ്ഞി, റാണി ലക്ഷ്മിഭായി ബ്രാഹ്മണ സ്ത്രീയായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് ചരിത്രത്തിലെ ധീരവനിതയോട് വൈകാരികമായ ബന്ധമുണ്ട്' സുരേഷ് മിശ്ര പറഞ്ഞു.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പശ്ചാത്തലം സംബന്ധിച്ച് വിശദമായി വിവരങ്ങള്‍ ചോദിച്ചാണ് കത്തയച്ചത്. വിഷയം ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ത്താനുളള ശ്രമങ്ങള്‍ സമുദായം ആരംഭിച്ച് കഴിഞ്ഞു. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന് ആഭ്യന്തര മന്ത്രി ഗുലാബ് ചന്ത് കട്ടാറിയയെ സുരേഷ് മിശ്ര കാണും.
നവംബറില്‍ പദ്മാവതിനെതിരെ പ്രതിഷേധം ആരംഭിച്ചപ്പോള്‍ തന്നെ സര്‍വ് ബ്രാഹ്മിണ മഹാസഭ രജപുത് സമുദായത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം സുരേഷ് മിശ്രയ്ക്ക് പിന്തുണയുമായി രജപുത് കര്‍ണി സേനയുടെ ദേശീയ പ്രസിഡന്റ് മഹിപാല്‍ മക്രാനയും രംഗത്തെത്തി. അദ്ദേഹം ആ സിനിമയെ എതിര്‍ത്താല്‍ ഞങ്ങള്‍ ഒപ്പം നില്ക്കും. റാണി ലക്ഷ്മിഭായി അവരുടെ അഭിമാനമാണ്. ഞങ്ങള്‍ക്കും അങ്ങനെതന്നെയാണ്' അദ്ദേഹം പറഞ്ഞു.






