തൃശൂര്‍: പാമ്പാടിയില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ജിഷ്ണു പ്രണോയ് സ്മാരകം പൊളിക്കാന്‍ തൃശൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. സി.പി.ഐ സ്മാരകത്തിനെതിരെ നല്കിയ പരാതിയുടേയും തൃശൂര്‍ റൂറല്‍ എസ്.പി യതീഷ് ചന്ദ്രയുടെ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണ് തീരുമാനം.
നിയമസഭാ സമ്മേളനം കഴിഞ്ഞാല്‍ പൊളിക്കല്‍ നടപടികള്‍ തുടങ്ങും. പൊതുസ്ഥലത്ത് സ്ഥാപിച്ച സ്മാരകം പൊളിക്കണമെന്ന റവന്യൂ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സ്മാരകം പൊളിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. ജിഷ്ണു പ്രണോയിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ എസ്.എഫ്.ഐ തീരുമാനിച്ചപ്പോള്‍ തന്നെ സി.പി.ഐ പ്രാദേശിക നേതൃത്വം എതിര്‍ത്തിരുന്നു. എ.ഐ.ടി.യു.സി ഓഫീസിനരികിലാണ് സ്മരാകം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.
ജിഷ്ണു പ്രണോയ് സ്മാരകത്തിനെതിരെ സി.പി.ഐ പ്രാദേശിക നേതൃത്വം പഴയന്നൂര്‍ എസ്.ഐയ്ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്ന് അഡീഷണല്‍ സബ് മജിസ്ട്രേറ്റ് സ്മാരകം പൊളിക്കാന്‍ ഉത്തരവിട്ടിരുന്നു. എ.ഐ.ടി.യു.സി ഓഫീസിന് മുന്നിലാണ് സ്മാകം എന്നാരോപിച്ചായിരുന്നു സി.പി.ഐയുടെ പരാതി. പിന്നീട് ഓഫീസിന്റെ സൈഡിലാണെന്ന് വ്യക്തമായതോടെ സ്മാരകം പെളിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് എത്തി.
ജിഷ്ണു പ്രണോയ് അനുസ്മരണത്തിനെതിരെ നെഹ്റു ഗ്രൂപ്പ് കോടതിയെ സമീപിച്ചതും ഇതേ സമയത്തായിരുന്നു. എന്നാല്‍ അനുസ്മരണം തടയാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. നെഹ്റു കോളജ് മാനേജ്മെന്റിന് വേണ്ടിയാണ് സി.പി.ഐ സ്മാരകത്തിനെതിരെ രംഗത്ത് വന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.






