
പത്മാവതിക്ക് സമാനമായി 'മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി' സിനിമയ്ക്കെതിരെ ബ്രാഹ്മിന്‍ സഭ നടത്തി വന്ന പ്രതിഷേധങ്ങള്‍ക്ക് വിരാമം. റാണി ലക്ഷ്മി ഭായിയുടെ കഥ പറയുന്ന മണികര്‍ണ്ണികയില്‍ റാണിയും ഒരു ബ്രിട്ടീഷ് ഭരണാധികാരിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്നാണ് ബ്രാഹ്മണ സഭ ബോളിവുഡ് ചിത്രം മണികര്‍ണ്ണികയുടെ ചിത്രീകരണം തടസപ്പെടുത്തുകയും. പ്രതിഷേധിക്കുകയും ചെയ്തത്. എന്നാല്‍ ആരോപിക്കപ്പെടുന്നതു പോലെയുള്ള കഥാസന്ദര്‍ഭങ്ങള്‍ ചിത്രത്തിലില്ലെന്ന നിര്‍മ്മാതാവ് കമല്‍ ജെയിന്റെ ഉറപ്പാണ് പ്രതിഷേധങ്ങളില്‍ നിന്നു പിന്മാറാന് കാരണം.
ജയശ്രീ മിശ്ര എഴുതിയ റാണി എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ എടുത്തിരിക്കുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ പുസ്തകം നിരോധിച്ചു. പിന്നെന്തിനാണ് സിനിമക്കാര്‍ നിരോധിച്ച പുസ്തകത്തിലെ വിവരങ്ങള്‍ തന്നെ ചിത്രീകരിക്കുന്നതെന്ന് സര്‍വ് ബ്രാഹ്മിണ്‍ മഹാസഭയുടെ സ്ഥാപക അംഗവും അധ്യക്ഷനുമായ സുരേഷ് മിശ്ര ചോദിച്ചിരുന്നു.
ഝാന്‍സിയുടെ രാജ്ഞി, റാണി ലക്ഷ്മിഭായി ബ്രാഹ്മണ സ്ത്രീയായിരുന്നുവെന്നും അതുകൊണ്ട് തങ്ങള്‍ക്ക് ചരിത്രത്തിലെ ധീരവനിതയോട് വൈകാരികമായ ബന്ധമുണെന്നുമാണ് ബ്രാഹ്മിണ്‍ സഭയുടെ വാദം.കൃഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണൗട്ടാണ് റാണി ലക്ഷ്മി ഭായിയായി അഭിനയിക്കുന്നത്.






