
ശ്രീനഗര്‍: ഭീകരാക്രമണത്തിനിടെ പുറത്ത് വെടിയേറ്റ ഗര്‍ഭിണി ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്കി. ജമ്മുവിലെ സുഞ്ജ്വാനില് കഴിഞ്ഞ ദിവസം തീവ്രവാദികള്‍ നടത്തിയ ആക്രമത്തിന് ഇരയായ ഷഹ്സാദാ ഖാനാണ് ഞായറാഴ്ച പ്രസവിച്ചത്. ആക്രമണത്തില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുറത്തേറ്റ മുറിവ് വെച്ചു കെട്ടുന്നതിനിടയില്‍ സിസേറിയന് നടത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
സൈനിക ക്യാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്സില്‍ കഴിയുമ്പോള്‍ ഷഹ്സാദയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. പുറത്ത് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഹെലികോപ്റ്ററില്‍ സത്വാരയിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയുമായിരുന്നു. കുട്ടിയുടെ ആരോഗ്യത്തിന് കുഴപ്പമില്ല. മാസം തികയാതെ ജനിച്ച കുഞ്ഞിന് 2.5 കിലോയാണ് ഭാരം. വെടിയേല്ക്കുമ്പോള് ഷഹ്സാദ 28 ആഴ്ചയോളം ഗര്‍ഭിണിയായിരുന്നു. ക്യാമ്പിലുണ്ടായ വെടിവെയ്പ്പില്‍ ആറു പേര്‍ക്കാണ് വെടിയേറ്റത്. അഞ്ചു ജവാന്മാരും ഒരു സിവിലിയനും ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.
വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഈ 14 കാരന്റെ തലയ്ക്കായിരുന്നു വെടിയേറ്റത്. രണ്ടു ദിവസം നീണ്ടു നിന്ന പോരാട്ടത്തില്‍ 11 പേര്‍ക്കാണ് പരിക്കേറ്റത്. രണ്ടു തീവ്രവാദികളെ സൈനികര്‍ കൊലപ്പെടുത്തുകയും ചെയ്തു. അമ്മയ്ക്കും പുതിയതായി വന്ന മകള്‍ക്കും സാമൂഹ്യമാധ്യമങ്ങളില്‍ ആശംസ നിറയുകയാണ്. ദുരന്ത റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ചില നല്ല വാര്‍ത്തകളും ഉണ്ടാകുന്നു. സൈനികന്റെ പരിക്കേറ്റ ഭാര്യ ജമ്മുവിലെ മിലിട്ടറി ആശുപത്രിയില്‍ ഒരു കുഞ്ഞിനു ജന്മം നല്‍കിയെന്ന് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചിരുന്നു.






