
റിയാദ് : സൗദി അറേബ്യയില്‍ സ്ത്രീകളെ പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ്. സ്ത്രീകള്‍ പര്‍ദ മാത്രമേ ധരിക്കാന്‍ പാടുള്ളൂ എന്ന് നിര്‍ബന്ധം പിടിക്കരുതെന്നും ഇസ്ലാം നിഷ്കര്‍ഷിക്കുന്നത് മാന്യമായി വസ്ത്രം ധരിക്കാന്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകളുടെ ശരീരം മറയുന്ന വസ്ത്രം ധരിക്കണമെന്നാണ് ഇസ്ലാമിക ശരീഅത്തിന്റെ നിര്‍ദേശം. ലോകത്ത് പലഭാഗത്തും മുസ്ലീം സ്ത്രീകള്‍ പര്‍ദ ധരിക്കാറില്ല. അവര്‍ക്ക് പര്‍ദ പരിചയവുമില്ല. ഇവിടങ്ങളില്‍ ഇസ്ലാം മതം പ്രബോധനം ചെയ്യുന്ന വനിതകള്‍ പോലും പര്‍ദ ഉപയോഗിക്കുന്നില്ലെന്നും ശൈഖ് ഡോ.അബുദുല്ല അല്‍ മുത്ലഖ് വ്യക്തമാക്കി. വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കുകയും പൂര്‍ണ്ണമായി ഇസ്ലാമിക നിഷ്ഠയില്‍ ജീവിക്കുകയും ചെയ്യുന്ന വനിതകള്‍ പോലും രാജ്യങ്ങളിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദിയില്‍ തന്നെ മക്കയിലും മദീനയിലും ഇത്തരത്തിലുള്ള നിരവധി സ്ത്രീകള്‍ പര്‍ദ ഉപയോഗിക്കാതെ മാന്യമായി വസ്ത്രം ധരിക്കുന്നവരാണ്. സ്ത്രീകള്‍ മുഖം മറയ്ക്കുന്നതും ഇസ്ലാമികമല്ല. റിയാദിലെ കോടതികളില്‍ സ്ത്രീകള്‍ മുഖം മറച്ചാണ് എത്തിയിരിക്കുന്നത്. എന്നാല്‍, മുഖം മറയ്ക്കാതെ കോടതികളില്‍ എത്തണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.






