
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പേരെ സി.ബി.ഐ അറസ്റ്റു ചെയ്തു. തട്ടിപ്പിന് ആഭരണ വ്യാപാരി നീരവ് മോഡിക്ക് ഒത്താശ ചെയ്തു കൊടുത്ത ബാങ്കിലെ മുന്‍ ഡി.ജി.എം ഗോകുല്‍നാഥ് ഷെട്ടി അടക്കം മൂന്നു പേര് ആണ് അറസ്റ്റിലായത്. ഇവരെ ഇന്ന് വൈകിട്ട് മുംബൈ സി.ബി.ഐ പ്രത്യേക കോടതിയില്‍ ഹാജരാക്കും.
പി.എന്‍.ബിയിലെ ഏകജാലക ഓപറേറ്റര്‍ മനോജ് ഖാരാട്ട്, നീരവ് മോഡി ഗ്രൂപ്പിലെ ഉന്നതന് ഹേമന്ദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടു പേര്. മോഡിക്കും ബന്ധു മെഹുല്‍ ചോക്സിക്കുമെതിരെ സി.ബി.ഐ ഇന്നലെ പുതിയ കേസുകള്‍ എടുത്തിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇവരുടെ സ്ഥാപാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 5,100 കോടിയുടെ കണക്കില്‍പെടാത്ത സ്വര്‍ണവും വജ്രവും പിടിച്ചെടുത്തിരുന്നു.
മോഡിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഗീതാജ്ഞലി ഗ്രൂപ്പിന്റെ രണ്ട് ഷോറുമുകളില്‍ മൂന്നാം ദിവസവും എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടക്കുകയാണ്. അതേസമയം, നീരവ് മോഡിയും മെഹുല്‍ ചോക്സിയും ഇതിനകം രാജ്യം വിട്ടു. ഇവര്‍ ന്യുയോര്‍ക്കില്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചന. ഇതേതുടര്‍ന്ന് ഇവര്‍ക്കായി സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.






