
കൊട്ടിയം(കൊല്ലം): വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. അമ്മയെ ആക്രമിച്ച ശേഷമാണ് നാലു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ അജ്ഞാത സ്ത്രീ ശ്രമിച്ചത്. കണ്ണനല്ലൂര്‍ വടക്കേമുക്കിനടുത്ത് കനാല്‍ റോഡിനു സമീപം സക്കീറിന്റെയും, സുമയ്യയുടെയും സിനാന് എന്ന കുഞ്ഞിനെയാണ് പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്.
ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഒറ്റപ്പെട്ട വീടിന്റെ പിന്‍ഭാഗത്ത് തുറന്നുകിടന്ന വാതിലിലൂടെയാണ് അജ്ഞാത സ്ത്രീ വീടിനുള്ളില്‍ പ്രവേശിച്ചത്. അടുക്കളയില്‍ തറയില്‍ പായയില്‍ കിടന്നുറങ്ങുകയായിരുന്നു കുട്ടി. കുഞ്ഞിനെ എടുത്തുകൊണ്ട് പുറത്തേക്കോടിയ സ്ത്രീയെ അമ്മ കടന്നു പിടിച്ചു. ഇതോടെ കുഞ്ഞിനെയും അമ്മയേയും തള്ളിയിട്ട് സ്ത്രീ ഓടുകയായിരുന്നു.
സുമയ്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും സ്ത്രീ കനാല്‍ റോഡിലൂടെ രക്ഷപ്പെട്ടു. ബോധരഹിതയായ സുമയ്യയെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.






