
കാണ്‍പൂര്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന മാതൃകയില്‍ വായ്പ തട്ടിപ്പ് മറ്റു ചില പൊതു മേഖലാ ബാങ്കുകളില്‍ കൂടി നടന്നതായി റിപ്പോര്‍ട്ട്. റോട്ടോമാക് പെന്‍സ് കമ്പനി ഉടമ വിക്രം കോത്താരിയാണ് തട്ടിപ്പിന് പിന്നില്‍. വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി ഇയാള്‍ 800 കോടി രൂപയോളം തട്ടിയെടുത്ത് മുങ്ങി. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഓവര്‍സീസ് ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ബാങ്കിംഗ് ചട്ടങ്ങള്‍ ലംഘിച്ചാണ് ഈ ബാങ്കുകള്‍ കോത്താരിക്ക് വായ്പ നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 485 കോടിയും അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടിയുമാണ് കോത്താരി വായ്പ എടുത്തിരിക്കുന്നത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും വായ്പതുകയോ പലിശയോ ഇയാള്‍ തിരിച്ചടച്ചിട്ടില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാണ്‍പൂര്‍ സിറ്റി സെന്ററിലെ കോത്താരിയുടെ ഓഫീസ് പൂട്ടിയ നിലയിലാണ്. ഇയാള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല.
അതേസമയം, കോത്താരിയുടെ ആസ്തികള്‍ വിറ്റ് വായ്പ തുക മുതലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അലഹബാദ് ബാങ്ക് മാനേജര്‍ രാജേഷ് ഗുപ്ത പ്രകടിപ്പിക്കുന്നത്. ആഭരണ ഡിസൈന്‍ കമ്പനി ഉടമ നീരവ് മോഡിയും ബന്ധുക്കളും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയോളം തട്ടിയെടുത്ത് രാജ്യം വിട്ട വാര്‍ത്ത പുറത്തുവന്നതോടെയാണ് മറ്റു ബാങ്കുകളിലെ തട്ടിപ്പുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ നിന്നായി 61,000 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്ക്.






