
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നീരവ് മോദിയെ മോഡി സര്‍ക്കാര്‍ പാഠം പഠിപ്പിക്കുമെന്നു യോഗ ഗുരു ബാബ രാംദേവ്. തട്ടിപ്പ് വീരനായ നീരവിനെ ശരിയായ സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിക്കും. ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ നടപടിക്കതിരെ കേന്ദ്രം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും രാംദേവ് പറഞ്ഞു.
ലളിത് മോദി, നീരവ് മോദി, എന്നിവരെ പോലുള്ളവര്‍ രാജ്യത്തിന് അപമാനമാണ്. ഇവര്‍ അഴിമതിക്കാരാണ്. അഴിമതി നടത്തിയവര്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്നും രാംദേവ് പറഞ്ഞു. 11,360 കോടി രൂപയുടെ തട്ടിപ്പാണ് നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയത്. ബാങ്കില്‍ ഇയാളുടെ പേരില്‍ തന്നെ വിവിധ അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് പണം തട്ടിയെടുത്തത്.






