തിരുവനന്തപുരം: സംസ്ഥാനത്തെ മഹിളാ കോണ്‍ഗ്രസിന്റെ അധ്യക്ഷയായി ലതിക സുഭാഷിനെ രാഹുല്‍ ഗാന്ധി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ലതിക സുഭാഷിന് പുറമെ അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ റോസ്ന, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍ വിദ്യ ബാലകൃഷ്ണന് എന്നിവരേയും രാഹുല്‍ അഭിമുഖം ചെയ്തിരുന്നു.
മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ബിന്ദു കൃഷ്ണ കൊല്ലം ഡി.സി.സി പ്രസിഡന്റ് ആയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ദേശീയ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായ സുസ്മിത ദേവ് എംപി സമര്‍പ്പിച്ച അഞ്ച് വനിതാ നേതാക്കളുടെ പാനലില്‍ നിന്നുമാണ് ലതികാ സുഭാഷിനെ തെരഞ്ഞെടുത്തത്. നേരത്തെ കോട്ടയം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കും ലതികാ സുഭാഷിനെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് തള്ളിപ്പോയി.






