
തിരുവനന്തപുരം: കെ.എസ്. ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് നിയമപ്രകാരം നിലവിലെ ഭരണസമിതിയെ കാലാവധിക്കു മുൻപ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും അദ്ദേഹം ആരോപിച്ചു.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ ബോർഡിനെ പിരിച്ചുവിടാതെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചിരുന്നു. അന്ന് കാട്ടിയ ജനാധിപത്യ മര്യാദ യുഡിഎഫ് സർക്കാർ കാട്ടിയില്ലെന്നും പിണറായി വിജയൻ വിമർശിച്ചു.
പുതിയ വഖഫ് ഭേദഗതി നിയമപ്രകാരം ചില വിഭാഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തുന്നതിനായി പുനഃസംഘടന നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് ഹൈക്കോടതിയിലെത്തിയത്. സുപ്രീം കോടതിയിലെ കേസ് പൂർത്തിയായശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന മുൻ സർക്കാരിന്റെ നിലപാടല്ല യുഡിഎഫ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരായ കേസിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടുകളെ ദുർബലപ്പെടുത്തുന്നതാണ് പുതിയ സർക്കാരിന്റെ നടപടികളെന്നും പിണറായി വിജയൻ ആരോപിച്ചു. അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ നിയമിക്കാമെന്ന നിലപാടാണ് സർക്കാർ ആദ്യം സ്വീകരിച്ചത്. സമുദായ വഞ്ചന ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് നിലപാട് മയപ്പെടുത്താൻ തയ്യാറായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമുസ്ലിം പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് പുതിയ ചെയർമാൻ നടത്തിയ പരാമർശങ്ങൾ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ബോർഡ് പിരിച്ചുവിട്ട നടപടി ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കുന്നതും സംഘപരിവാർ അജണ്ടകളെ സഹായിക്കുന്നതുമാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.







Comments