
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിന്റെ വിചാരണ ആരംഭിക്കുന്നു.ഈ മാസം പതിനാലിനാണ് കേസിന്റെ വിചാരണ നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി എട്ടാം പ്രതിയായ ദിലീപ് ഉള്‍പ്പെടെ കേസിലെ 14 പ്രതികള്‍ക്കും സമന്‍സ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.
വിചാരണ ആരംഭിക്കുന്ന ദിവസം ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണ്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച 1542 പേജുള്ള കുറ്റപത്രത്തില്‍ ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ ഉള്‍പ്പെടെ 355 സാക്ഷികളാണുള്ളത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 നാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അശ്ശീലചിത്രങ്ങള്‍ പകര്‍ത്തിയത്. മുഖ്യപ്രതിയായ സുനില്‍ കുമാര്‍ ഉള്‍പ്പെടെ ഏഴു വരെയുള്ള പ്രതികളെ ഉള്‍പ്പെടുത്തി ഏപ്രില്‍ 18 ന് ആദ്യകുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.





