
അട്ടപ്പാടി(പാലക്കാട്): ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ ദാരുണ സംഭവത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരായ ആരോപണം തള്ളി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്.
മധുവിന്റെ കൊലപാതകത്തിനു പിന്നാലെ ഗുരുതര ആരോപണങ്ങള്‍ വനംവകുപ്പിനെതിരെ ഉയര്‍ന്നിരുന്നു. വനത്തിനുള്ളില്‍ താമസിച്ചിരുന്ന മധുവിനെ നാട്ടുകാര്‍ക്ക് കാണിച്ചു കൊടുത്തത് വനംവകുപ്പ് ജീവനക്കാരെണെന്നും, മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിച്ചതയ്ക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ നോക്കിനിന്നെന്നും, തുടര്‍ന്ന് ആരവങ്ങളോടെ പുറത്ത് എത്തിച്ചപ്പോള്‍ ജീവനക്കാര്‍ അകമ്പടി സേവിച്ചെന്നും ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്.
മധുവിന്റെ അമ്മയും, സഹോദരിയും വനംവകുപ്പിനു മേല്‍ ആാേപണങ്ങള് ഉയര്‍ത്തിയിരുന്നു. എന്നാല്‍ മധുവിനെ കാണിച്ചു കൊടുത്തത് മരയ്ക്കാര്‍ എന്നയാള്‍ ആണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് ഹെഡ് ഓഫ് ഫോറസ്റ്റിന് കൈമാറി. മരയ്ക്കാര്‍ എന്നയാള്‍ വനംവകുപ്പിന്റെ ഓഫീസിനോട് ചേര്‍ന്നുള്ള പ്ലാന്റേഷനിലെ മരം മുറിയ്ക്കുന്നതിന് ക്വട്ടേഷന്‍ എടുത്തിട്ടുള്ള വ്യക്തിയുടെ ഡ്രൈവറാണെന്നും ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ആണെന്നുമാണ് വിവരം. മാത്രമല്ല മധുവിനെ കൊണ്ടുപോയി അരമണിക്കൂറിനു ശേഷമാണ് വാഹനം അതുവഴി കടന്നു പോയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.






