
തിരുവനന്തപുരം : ഓഖി ദുരന്തത്തില്‍ മരിച്ചയാള്‍ തിരിച്ചെത്തി. വിഴിഞ്ഞം സ്വദേശി ശിലുവയ്യന് (55)എന്നയാളാണ് ഓഖി വീശിയടിച്ച് മാസങ്ങള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയത്. ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മരിച്ചുവെന്ന് കരുതിയ 55 കാരനായ ശിലുവയ്യന് കണ്മുന്നിലേയ്ക്ക് എത്തിയപ്പോള്‍ മകന് ആന്റണിയാണ് ആദ്യം ഞെട്ടിയത്. പിന്നീട് അച്ഛനെ വാരിപ്പുണര്‍ന്നു.
കഴിഞ്ഞ നവംബര്‍ ആദ്യവാരമാണ് ശിലുവയ്യന് മത്സ്യബന്ധനത്തിനായി കാസര്‍ഗോട്ടേയ്ക്ക് പോയത്. ഭാര്യ നേരത്തെ മരിച്ചതിനാല്‍ ശിലുവയ്യനും മകന് ആന്റണിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മകനെ തനിച്ചാക്കി പോകുന്നതില്‍ വിഷമുണ്ടായിരുന്നെങ്കിലും സ്വന്തമായൊരു കിടപ്പാടമെന്ന ലക്ഷ്യം നിറവേറ്റാന്‍ വേണ്ടിയാണ് ശിലുവയ്യന് കാസര്‍കോട്ടേക്ക് വണ്ടി കയറിയത്.
കാസര്‍കോടെത്തിയ ശിലുവയ്യന് മമ്മദ് എന്നയാളുടെ വള്ളത്തിലായിരുന്ന ജോലിക്ക് കയറിയത്. എന്നാല്‍ ഓഖി ചുഴലിക്കാറ്റ് അറബിക്കടലില്‍ ആഞ്ഞടിച്ചപ്പോള്‍ മമ്മദിന്റെ വള്ളം മറ്റേതോ തീരത്തെത്തി.
സംഹാര താണ്ഡവമാടിയ ഓഖിയില്‍ നിന്നും രക്ഷപ്പെട്ട് സാഹസികമായാണ് ശിലുവയ്യനും കൂട്ടരും കരയ്ക്ക് കയറിയത്. ഇതിനിടെ, ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ അന്വേഷിച്ച് വിളിച്ചതോടെ ശിലുവയ്യനൊഴികെ ബാക്കിയെല്ലാവരും നാട്ടിലേക്ക് മടങ്ങി. എന്നാല്‍ കൈയില്‍ അഞ്ചിന്റെ പൈസയില്ലാതിരുന്ന ശിലുവയ്യന് മാത്രം നാട്ടില്‍ പോയില്ല. കാറ്റും കോളും അടങ്ങിയാല്‍ വീണ്ടും വള്ളമിറക്കാമെന്ന പ്രതീക്ഷയില്‍ ശിലുവയ്യന് അവിടെതന്നെ തങ്ങുകയായിരുന്നു.
ഇതിനിടെ ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് തിരിച്ചുവരാത്തവരുടെ കൂട്ടത്തില്‍ ശിലുവയ്യന്റെ പേരും ചേര്‍ക്കപ്പെട്ടു. പള്ളികളില്‍ ശിലുവയ്യന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ഓഖി കവര്‍ന്നെടുത്ത ശിലുവയ്യന് ആദരാഞ്ജലി അര്‍പ്പിച്ച് അടിമലത്തുറയില്‍ രണ്ട് ഫ്ലക്സ് ബോര്‍ഡുകളും സ്ഥാപിച്ചു.
പണമില്ലാതെ കാസര്‍കോട് വിവിധയിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞ ശിലുവയ്യന് കഴിഞ്ഞദിവസമാണ് നാട്ടില്‍ പോകണമെന്ന് തോന്നിയത്. തുടര്‍ന്ന് ചില പരിചയക്കാരില്‍ നിന്നും പണം കടംവാങ്ങി നാട്ടിലേക്ക് വണ്ടി കയറി. എന്നാല്‍ വീട്ടിലെത്തിയ ശിലുവയ്യന് ആദ്യം കണ്ടത് തനിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള ഫ്ലക്സ് ബോര്‍ഡുകളായിരുന്നു. അച്ഛന് തിരിച്ചെത്തിയതോടെ മകന് ആന്റണി തന്നെ ഈ ഫ്ക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു.






