
കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരെത്തുന്ന, ആവേശം കത്തിജ്വലിപ്പിക്കുന്ന സ്റ്റേഡിയമാണ് കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയം. കാണികളുടെ ആവേശത്തിന്റെ ബാക്കിപത്രം കൊണ്ടാണ് കൊച്ചിക്ക് സൂപ്പര്‍ കപ്പ് വേദി നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐഎസ്എല്‍ മത്സരത്തിനിടെ കാണികളുടെ അമിതാവേശത്തില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ തമ്മിലുരസുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും, തുടര്‍ന്ന് ഇത് ഫുട്ബോള്‍ ലോകത്ത് ആശങ്ക സൃഷ്ടിക്കുകയും ചെയ്തിരുന്നു. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് വേദി മാറ്റിയതെന്നാണ് സൂചനകള്‍.
സൂപ്പര്‍ കപ്പ് ലീഗിനായി വേദിയായി ആദ്യം പരിഗണിക്കപ്പെട്ടത് കൊച്ചിയും, കട്ടക്കുമാണ്. എന്നാല്‍ അതിനിടെ ഒഡീഷ സര്‍ക്കാര്‍ ഭുവനേശ്വറിനുവേണ്ടി ശക്തമായി വാദിച്ച് രംഗത്തെത്തുകയായിരുന്നു. കലിംഗ സ്റ്റേഡിയത്തിലെ മികച്ച താമസ സൗകര്യവും, സംവിധാനങ്ങളും എടുത്തു പറഞ്ഞാണ് അവര്‍ സൂപ്പര്‍ കപ്പ് വേദി സ്വന്തമാക്കിയത്.
അതേസമയം, കൊച്ചിയുടെ സുരക്ഷാ ആശങ്കയെന്ന വാദത്തില്‍ കഴമ്പില്ലെന്ന് സ്റ്റേഡിയം ഉടമകളായ ജിസിഡിഎ പറയുന്നത്. അണ്ടര്‍ 17 ലോകകപ്പിനു മുന്നോടിയായി ഫിഫ സംഘം സ്റ്റേഡിയം സന്ദര്‍ശിച്ച് സാങ്കേതിക ക്ഷമത ഉറപ്പാക്കിയതാണെന്നും വ്യക്തമാക്കുന്നു.






