
സൂറിച്ച്: ലോകകപ്പ് ഫുട്‌ബോളിലെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യവത്‌കരിക്കാനുള്ള നീക്കത്തില്‍ തെറ്റുപറ്റിയതായി സമ്മതിച്ച് 'ഫിഫ' പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. മൊറോക്കോയില്‍ നടന്ന അടിയന്തരയോഗത്തില്‍ യുവേഫയുടെയും പ്രമുഖ അംഗരാജ്യങ്ങളുടെയും എതിര്‍പ്പിനിടയിലും മാപ്പപേക്ഷിച്ച് പ്രസിഡന്റ്‌സ്ഥാനം സംരക്ഷിച്ച് ഇന്‍ഫാന്റിനോ.
മൊറോക്കോയിലെ റബാത്തില്‍ നടന്ന അടിയന്തര ഉച്ചകോടിയിലായിരുന്നു അനുനയനീക്കം. കുറ്റസമ്മതം നടത്തിയതോടെവിഷയത്തില്‍ കൈപൊള്ളിയ പ്രസിഡന്റിനെ ഫിഫ സീനീയര്‍ എക്‌സിക്യൂട്ടീവുകള്‍ പിന്തുണയ്‌്ക്കുകയായിരുന്നു. വിവിധ കോണ്‍ഫെഡറേഷനുകളും അസോസിയേഷനുകളും എതിര്‍പ്പുമായി രംഗത്തുണ്ടെങ്കിലും 'ഫിഫ' പ്രസിഡന്റ്‌പദത്തില്‍ നാലാംവട്ടവും മത്സരിക്കാനുള്ള ഇന്‍ഫാന്റിനോയുടെ സ്വപ്‌നങ്ങള്‍ക്ക് ഇതോടെ വീണ്ടും ചിറകുമുളച്ചു.
ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ് (എഫ്.എഫ്.ഇ) എന്ന പേരില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് അധ്യക്ഷപദത്തില്‍ ഇന്‍ഫാന്റിനോയുടെ സ്‌ഥാനത്തിന് ഇളക്കമുണ്ടാക്കിയത്. ഫുട്‌ബോളിനെ വാണിജ്യവത്‌കരിക്കാനുള്ള നീക്കത്തിനെതിരേ അംഗരാജ്യങ്ങള്‍ എതിര്‍പ്പുയര്‍ത്തി.
ലോകകപ്പ് ബഹിഷ്‌കരണ ഭീഷണി മുഴക്കിയ യുവേഫയായിരുന്നു ഇതില്‍ മുന്നില്‍. പിന്നാലെ കഴിഞ്ഞ ഒന്നിന് പദ്ധതി പിന്‍വലിക്കുന്നതായി ഇന്‍ഫാന്റിനോ പ്രഖ്യാപിച്ചു.
എങ്കിലും പ്രസിഡന്റിനെതിരായ രോഷം അടങ്ങിയില്ല. ഇതോടെ അടുത്തവര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ താല്‍പ്പര്യമുള്ള ഇന്‍ഫാന്റിനോ അടിയന്തരയോഗം വിളിക്കുകയായിരുന്നു. യോഗത്തില്‍ ഗവേണിങ് ബോഡി തങ്ങള്‍ക്കു സംഭവിച്ച പിഴവുകള്‍ ഏറ്റുപറഞ്ഞതോടെ മഞ്ഞുരുകി.
പിന്നാലെ ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ് പദ്ധതി ശിപാര്‍ശ കൈകാര്യം ചെയ്യുന്നതില്‍ തെറ്റു പറ്റിയെന്നു വ്യക്‌തമാക്കി മാപ്പപേക്ഷയും പുറത്തുവിട്ടു. സീനീയര്‍ എക്‌സിക്യൂട്ടീവുകള്‍ പ്രസിഡന്റിനെ പിന്തുണയ്‌ക്കുന്നതായി വ്യക്‌തമാക്കി പത്രക്കുറിപ്പിറക്കിയതോടെ രാജി പ്രതീക്ഷിച്ചിരുന്നവര്‍ നിരാശരായി. ഇതോടെ സംഘടനയില്‍ അന്തഃഛിദ്രമില്ലെന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ സ്‌ഥാപിക്കാനും ഫിഫയ്‌ക്കായി.
ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസുമായി ബന്ധപ്പെട്ട് സംഭവിച്ച പിഴവുകള്‍ അംഗീകരിക്കുന്നു എന്ന് പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി. കാര്യങ്ങള്‍ കൈകാര്യം ചെയ്‌ത രീതി ഈവിധത്തിലായിരുന്നില്ല. അതില്‍ ക്ഷമാപണം നടത്തുന്നു. സമാന സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കില്ല. ഇപ്പോഴത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഫിഫ പ്രവര്‍ത്തനരീതികള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തും. ഇക്കാര്യത്തില്‍ ഉറപ്പുനല്‍കി കൗണ്‍സില്‍ അംഗങ്ങള്‍ക്കും ദേശീയ അസോസിയേഷനുകള്‍ക്കും കത്തയച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ ഫിഫ വ്യക്‌തമാക്കി.
വിവാദങ്ങള്‍ അന്തരീക്ഷത്തിലുണ്ടെങ്കിലും ഫിഫാ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ ഇന്റഫാന്റിനോയ്‌ക്കുണ്ടാകുമെന്നു പത്രക്കുറിപ്പില്‍ പറയുന്നു. യോഗത്തില്‍ പങ്കെടുത്ത സെക്രട്ടറി ജനറല്‍ മത്യാസ് ഗ്രാഫ്‌സ്ട്രോമും ഫിഫ മാനേജ്‌മെന്റ് ബോര്‍ഡ് അംഗങ്ങളും ഇന്റഫാന്റിനോയുടെ പ്രസിഡന്റ് സ്‌ഥാനത്തിന് പൂര്‍ണ പിന്തുണ വീണ്ടും പ്രഖ്യാപിച്ചു. സെക്രട്ടറി ജനറലിനുള്ള തന്റെ പിന്തുണ ഇന്റഫാന്റിനോ ഊട്ടിയുറപ്പിക്കുകയും ചെയ്‌തു.
ഭരണനേതൃത്വത്തിന്റെ വിശ്വാസം ആര്‍ജിക്കാനായെങ്കിലും ഇന്‍ഫാന്റിനോയില്‍ വിശ്വാസം നഷ്‌ടപ്പെട്ടതായി വ്യക്‌തമാക്കിയ യൂറോപ്യന്‍ അംഗരാജ്യങ്ങളുടെ സംഘടനയായ യുവേഫ കടുത്ത നിലപാട് തുടരുകയാണ്. പദ്ധതി പിന്‍വലിച്ചെങ്കിലും അധ്യക്ഷപദത്തില്‍ ഇന്‍ഫാന്റിനോ തുടരുന്നതിലാണു യുവേഫയുടെ എതിര്‍പ്പ്. പ്രസിഡന്റ് മാപ്പു ചോദിച്ചതുകൊണ്ട് കാര്യങ്ങളില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. വിശ്വാസ്യതയും സുതാര്യതയും സംബന്ധിച്ച് ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഫിഫയുടെ ഭാവിയിലെ ടൂര്‍ണമെന്റുകള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍നിന്നു പിന്മാറാനുള്ള തീരുമാനവുമായി മുന്നോട്ടു പോകേണ്ട സാഹചര്യമാണെന്നും യുവേഫ പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി.
അതിനിടെ 2030 ലോകകപ്പിന്റെ ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക് ഇന്‍ഫാന്റിനോ വാഗ്‌ദാനംചെയ്‌തെന്ന പ്രചാരണം ശക്‌തമായി. പ്രസിഡന്റ്‌പദത്തില്‍ ഇന്‍ഫാന്റിനോയ്‌ക്കു പിന്തുണ നല്‍കുന്നതിനു പ്രത്യുപകാരമെന്ന നിലയിലായിരുന്നു ഇതെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നാലെ പ്രചാരണം വാസ്‌തവവിരുദ്ധമാണെന്നു വ്യക്‌തമാക്കി ഫിഫ രംഗത്തെത്തി. ഫൈനല്‍വേദിയുടെ കാര്യത്തില്‍ കൃത്യമായ സമയത്ത് പ്രഖ്യാപനമുണ്ടാകുമെന്നാണ് ഫിഫയുടെ വിശദീകരണം.



Comments