
കൊച്ചി: ഐഎസ്എല്‍ നാലാം സീസണ് പ്ലേ ഓഫില്‍ ഇടം ലഭിക്കാതെ പുറത്തുപോയ ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ ധാരണയോടെ സൂപ്പര്‍ താരം വിനീത് ഒഴിയുന്നുവെന്ന റിപ്പോര്‍ട്ടിനു പിന്നാലെ താരം പുതിയ റോളിലേയ്ക്ക്. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നഗരസഭകളുടെയും, പഞ്ചായത്തുകളുടെയും മികവു പരിശോധിക്കുന്ന ചുമതലയാണ് വിനീതിനെ തേടിയെത്തിയിരിക്കുന്നത്.
തൃപ്പൂണിത്തുറ റീജനല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസില്‍ സി.കെ ജോലിയില്‍ പ്രവേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരായ പരാതികള്‍ വിനീത് ഉള്‍പ്പെട്ട ഉദ്യോഗസ്ഥ സംഘം പരിശോധിക്കും.
നേരത്തെ വിനീത് ഈ സീസണോടെ ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ മാനേജുമെന്റുമായി ധാരണയോടെ അവസാനിപ്പിക്കുന്നു എന്ന ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അതേസമയം, സൂപ്പര്‍ കപ്പിലെത്തിയ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തണമെന്നാണ് ആഗ്രഹമെന്ന് ഏവരെയും ഞെട്ടിച്ച് താരം തുറന്നു പറഞ്ഞു. എന്നാല്‍ ബ്ലാസ്റ്റേഴ്സ് വിടുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല. ജോലി ലഭിച്ചെങ്കിലും പ്രഥമ പരിഗണന ഫുട്ബോളിനോടു തന്നെയാണെന്ന് താരം വ്യക്തമാക്കുന്നു.
നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഏജീസ് ഓഫീസില്‍ ഓഡിറ്ററായിരുന്ന വിനീതിനെ ഹാജര്‍ കുറവായതിന്റെ പേരില്‍ പിരിച്ചുവിടുകയായിരുന്നു. പിന്നാലെ പല വിവാദങ്ങളും അതേചുറ്റിപ്പറി ഉണ്ടാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വിനീതിനു ജോലി നല്‍കിയത്.




