
കൊളംബോ: ഇന്ത്യന്‍ ടെസ്‌റ്റ് ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യമത്സരം ഇന്ന്. ശ്രീലങ്ക ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിന് ഇന്ന് കൊളംബോയില്‍ തുടക്കമാകും. ഗാലെയില്‍ ഈമാസം 15 നു തുടങ്ങുന്ന ആദ്യ ടെസ്‌റ്റിനു മുന്നോടിയായി ശുഭ്‌മന്‍ ഗില്ലിനും സംഘത്തിനും ആവനാഴിയിലെ ആയുധങ്ങള്‍ രാകിയെടുക്കാനുള്ള അവസരമാണ് സന്നാഹമത്സരം. ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ ആകെ രണ്ടു മത്സരങ്ങളാണുള്ളത്.
അതേസമയം ഇന്നലെ നടന്ന പരിശീലന സെഷനിടെ ക്യാപ്‌റ്റന്‍ ശുഭ്‌മന്‍ ഗില്ലിനു ചെറിയ പരുക്കേറ്റത് ഇന്ത്യന്‍ ടീമിന് ആശങ്കയായി. പേസര്‍ ഗുര്‍നൂര്‍ ബ്രാറിന്റെ പന്തുകൊണ്ടാണ് ആദ്യം ഗില്ലിനു പരുക്കേറ്റത്. വൈദ്യസഹായം തേടി അല്‍പ്പസമയത്തിനുശേഷം മടങ്ങിയെത്തിയ താരം പിന്നീട് സ്ലിപ്പില്‍ ക്യാച്ചിങ് പരിശീലനം നടത്തി. രണ്ടാം സ്‌ളിപ്പില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വലതു കൈക്ക് പരുക്കേറ്റു. രണ്ടുപരുക്കും സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.
ന്യൂസിലന്‍ഡിനും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരായ ടെസ്‌റ്റ് പരമ്പരകളില്‍ ബാറ്റര്‍മാര്‍ നേരിട്ട സ്‌പിന്‍ ദൗര്‍ബല്യം പരിഹരിച്ചാല്‍ ലങ്കയില്‍ ഇന്ത്യ പരമ്പരവിജയം സ്വപ്‌നം കാണുന്നുണ്ട്. 2017നു ശേഷം ഇതാദ്യമായാണ് ഇന്ത്യ ദ്വീപുരാഷ്‌ട്രത്തിലേക്ക് ടെസ്‌റ്റ് പരമ്പരയ്‌ക്കായി എത്തിയിരിക്കുന്നത്. നായകന്‍ ശുഭ്‌മന്‍ ഗില്‍, ഉപനായകന്‍ കെ.എല്‍. രാഹുല്‍, ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ദേവ്‌ദത്ത് പടിക്കല്‍ എന്നിവരിലാണ് ബാറ്റിങ് പ്രതീക്ഷ. വിക്കറ്റ് കീപ്പര്‍ സ്‌ഥാനത്തേക്ക് ഋഷഭ് പന്തും ധ്രുവ് ജുറെലും തമ്മിലാണു മത്സരം. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവിലും പരിശീലകന്‍ ഗൗതം ഗംഭീറിനു പ്രതീക്ഷയുണ്ട്. ജസ്‌പ്രീത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജാണ് പേസ് നിരയെ നയിക്കുന്നത്. ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ക്കൊപ്പം നവാഗതനായ അക്വിബ് നബിയും പേസ് ബാറ്ററിക്കു കരുത്തേകും. കുല്‍ദീപ് യാദവും മാനവ് സൂതറുമാണ് സ്‌പിന്നര്‍മാര്‍.
സോണല്‍ ദിനുഷ നയിക്കുന്ന ലങ്കന്‍ ഇലവനില്‍ വിശ്വ ഫെര്‍ണാണ്ടോ, ലാഹിരു കുമാര, ഇഷിത വിജേസുന്ദര, രമേഷ് മെന്‍ഡിസ് എന്നിവര്‍ ടെസ്‌റ്റ് സ്‌ക്വാഡില്‍ ഇടംപിടിക്കാമെന്ന പ്രതീക്ഷ പുലര്‍ത്തുന്നവരാണ്.



Comments