
സേലം : ഷെഫീന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. ഉടന്‍ നാട്ടിലേയ്ക്ക് പോകുമെന്നും അതിനു ശേഷം മാധ്യമങ്ങളെ കാണുമെന്നും ഹാദിയ പറഞ്ഞു. ഇന്ന് സേലത്തെ കോളജില്‍ എത്തിയപ്പോഴായിരുന്നു ഹാദിയയുടെ പ്രതികരണം. ഇന്നലെയാണ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഇവരുടെ വിവാഹം സാധുവാണെന്ന് നിരീക്ഷിച്ചത്. നിയമപരമായി ഹാദിയയ്ക്ക് പഠനം തുടരാമെന്നും കോടതി അറിയിച്ചിരുന്നു.
ഭരണഘടനയുടെ 226 മത് അനുഛേദം അനുസരിച്ച് ഒരു ഹേബിയസ് കോര്‍പസ് പരിഗണിച്ചാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്. ആ വിധി തെറ്റാണെന്നും അതുകൊണ്ട് ആ ഉത്തരവ് റദ്ദാക്കുന്നതായും കോടതി വ്യക്തമാക്കി. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് നല്കിയ ഹര്‍ജിയിലായിരുന്നു വിധി.
വിവാഹം അസാധുവാക്കിയതില്‍ യാതൊരു ന്യായീകരണവുമില്ലെന്നു സുപ്രീം കോടതി കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹം അസാധുവാക്കാന്‍ എന്താണ് കാരണം? സ്വന്ത ഇഷ്ടപ്രകാരമാണെന്ന് ഇരുവരും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനൊപ്പം കോടതിയുടെ കണ്ടെത്തലുകള്‍ എല്ലാം സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, കേസില്‍ എന്‍.ഐ.എ അന്വേഷണം തുടരുന്നതില്‍ കോടതി ഇടപെട്ടിട്ടില്ല. എന്‍.ഐ.എയ്ക്ക് അന്വേഷണവുമായി മുന്നോട്ടുപോകാം. ആവശ്യമെങ്കില്‍ കേസെടുക്കുന്നതിന് എന്‍.ഐ.എയ്ക്ക് തടസ്സമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഷെഫിന് ജഹാന്റെ ക്രിമിനല്‍ പശ്ചാത്തലവും ഭീകരബന്ധവും ഉള്‍പ്പെടെയുള്ള എല്ലാ കാര്യവും പരിശോധിക്കാം. എന്നാല്‍ ഇവരുടെ വിവാഹം എങ്ങനെ നടന്നുവെന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും വിധിയില്‍ പറയുന്നു.






