
കൊച്ചി: എറണാകുളം -അങ്കമാലി അതിരുപതയിലെ ഭൂമി കുംഭകോണത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയുടെ പിന്നാലെ സീറോ മലബാര്‍ സഭ ഇതുവരെ കാണാത്ത പ്രതിസന്ധിയിലേക്ക്. കര്‍ദ്ദിനാളിന്റെ സ്ഥാനത്യാഗം ആവശ്യപ്പെട്ട് വൈദിക സമിതി പരസ്യമായി മുന്നോട്ടുവന്നു. ഇക്കാര്യമാവശ്യപ്പെട്ട് വൈദിക സമിതി സഹായമെത്രാന്മാര്ക്ക് നിവേദനം നല്കി. സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റിയന് എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും ഇന്ന് കര്‍ദ്ദിനാളിനെ കണ്ട് നിവേദനം കൈമാറും. മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഒഴിയണമെന്നും വൈദികര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരുപത പ്രൊക്യുറേറ്റര്‍ ആയിരുന്ന ഫാ. ജോഷി പുതുവ, മോണ്‍.സെബാസ്റ്റിയന് വടക്കുംപാടന്‍, ഇടനിലക്കാരന് സജു വര്‍ഗീസ് കുന്നേല്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷിക്കാനാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടത്. ഇവര്‍ക്കെതിരെ ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യ പ്രകടമാണെന്ന് ജസ്റ്റീസ് ബി.കെമാല്‍ പാഷയുടെ വിധിന്യായത്തില്‍ പറയുന്നു.
അതേസമയം, അതിരൂപതയില്‍ കര്‍ദ്ദിനാള്‍ പക്ഷവും ഭൂരിപക്ഷം വരുന്ന വൈദിക പക്ഷവും തമ്മിലുള്ള ഭിന്നത രൂക്ഷമായി. കര്‍ദ്ദിനാളിനെതിരെ നിലപാട് എടുത്ത വൈദികരെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എട്ടു വൈദികരെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് സെന്റ മേരീസ് ത്തീഡ്രല്‍ ബസിലിക്കാ പരിസരത്ത് പതിച്ചിരിക്കുന്ന പോസ്റ്ററില്‍ പറയുന്നു. ഇതിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.






