
കോഴിക്കോട്: സി.എസ്.ഐ മലബാര്‍ രൂപതയിലെ ഭൂമി ഇടപാടില്‍ അന്വേഷണം നടത്താമെന്ന് ബിഷപ്പ്. അന്വേഷണം ആവശ്യപ്പെട്ട് വിശ്വാസികള്‍ ബിഷപ്പിനെ രാവിലെ ഉപരോധിച്ചിരുന്നു. സഭയുടെ കീഴിലെ ട്രസ്റ്റിന്റെ ഭൂമി അനധികൃതമായി സ്വകാര്യ വ്യക്തിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താമെന്ന ബിഷപ്പിന്റെ ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
കോഴിക്കോട് നഗരത്തിലെ സഭയ്ക്കു കീഴിലെ 66 സെന്റ് സ്ഥലം സ്വകാര്യ വസ്ത്ര കമ്പനിക്ക് നിയമവിരുദ്ധമായി മറിച്ചു നല്‍കിയെന്നാരോപിച്ചാണ് വിശ്വാസികള്‍ ബിഷപ്പിനെ ഉപരോധിച്ചത്. ട്രസ്റ്റിനു കീഴിലെ ഭൂമി വില്‍പ്പന നടത്താനോ ലീസിനു നല്‍കാനോ പാടില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി നിലനില്‍ക്കെയാണ് ട്രസ്റ്റ് കമ്മറ്റിയോ എക്സിക്കുട്ടിവ് കമ്മറ്റിയോ അറിയാതെ സ്വകാര്യ വ്യക്തിക്ക് സ്ഥലം പാട്ടത്തിന് നല്‍കിയതെന്നും പ്രോപ്പര്‍ട്ടി മുന്‍ സെക്രട്ടറിയും നിലവിലെ ട്രസ്റ്റ് ട്രഷററും ചേര്‍ന്നാണ് അഴിമതി നടത്തിയതെന്നും സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഭൂമി നല്‍കിയതിലെ അഴിമതി ചൂണ്ടിക്കാട്ടി വിശ്വാസികള്‍ പലതവണ സമീപിച്ചെങ്കിലും ബിഷപ്പ് അനുകൂല നിലപാട് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഈ സാഹചര്യത്തിലാണ് ഉപരോധം സംഘടിപ്പിച്ചതെന്നും കുറ്റക്കാര്‍ക്കെതിരെ സഭാതലത്തില്‍ നടപടി എടുക്കുന്നതോടൊപ്പം നിയമപരമായി മുന്നോട്ട് പോവുമെന്നും പ്രവര്‍ത്തര്‍ പറഞ്ഞു.
എന്നാല്‍ കമ്പനിക്ക് ലിവ് ഇന്‍ ലൈസന്‍സ് നിയമപ്രകാരമാണ് സ്ഥലം നല്‍കിയതെന്നും അദ്യ ഘട്ടത്തില്‍ 1000 സ്ക്വയര്‍ ഫീറ്റിന് 2 ലക്ഷം രൂപ അഡ്വാന്‍സും 1.75 ലക്ഷം വാടകയുമാണ് നിശ്ചയിച്ചതെന്നും പിന്നീട് കമ്പനി ആവശ്യപ്പെട്ടത് പ്രകാരം 22000 സ്ക്വയര്‍ ഫിറ്റ് സ്ഥലം 20 ലക്ഷം രൂപ അഡ്വാന്‍സും 5 ലക്ഷം രൂപ പ്രതിമാസ വാടകയും ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുന്‍ പ്രോപ്പര്‍ട്ടി സെക്രട്ടറി റെജിനോള്‍ഡ് വാള്‍ട്ടര്‍ പറഞ്ഞു.
ബിഷപ്പുമായി സമരക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് ബിഷപ്പ് ഉറപ്പ് നല്കി ഇതോടെ ഉപരോധ സമരം പിന്‍വലിക്കുകയായിരുന്നു.






