
കണ്ണൂര്‍: മഹാരാഷ്ട്രയിലെ കര്‍ഷകസമര വിജയത്തില്‍ അഭിമാനിക്കുന്ന സി.പി.എമ്മിനു തങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍, പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ നടക്കുന്ന കര്‍ഷകസമരം പ്രതിസന്ധിയാകുന്നു. വയലും തോടും ഇല്ലാതാക്കിക്കൊണ്ടുള്ള വികസനത്തെ പിന്തുണയ്ക്കില്ലെന്ന പ്രഖ്യാപനവുമായി കീഴാറ്റൂരില്‍ ''വയല്‍ക്കിളികള്‍'' നടത്തുന്ന സമരത്തിന്റെ നേതൃത്വം ബി.ജെ.പി. ഏറ്റെടുക്കും. ഇതിനു മുന്നോടിയായി ബി.ജെ.പി. സംസ്ഥാന പരിസ്ഥിതി സെല്‍ ഭാരവാഹികള്‍ 22-ന് കീഴാറ്റൂര്‍ സന്ദര്‍ശിക്കും.
കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തി അെലെന്മെന്റില് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമോ എന്നു പരിശോധിക്കും. രതൃച്ചംബരത്തു നടന്നത് വ്യക്തിപരമായ പ്രശ്നങ്ങളെച്ചൊല്ലിയുള്ള അക്രമമാണെന്നും പ്രതികള്‍ക്കു സംഘപരിവാറുമായി ബന്ധമില്ലെന്നും ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. കീഴാറ്റൂരില്‍ ഇവര്‍ കലാപത്തിനു ശ്രമിച്ചെന്നത് സി.പി.എമ്മും പോലീസും കൂടി കെട്ടിച്ചമച്ച വാര്‍ത്തയാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ബി.ജെ.പി. ജില്ലാ െവെസ് പ്രസിഡന്റ് പി. ബാലകൃഷ്ണന്, മണ്ഡലം പ്രസിഡന്റ് ടി.ടി. സോമന്, എന്നിവര്‍ അറിയിച്ചു.
കൃഷിയിടം സംരക്ഷിക്കാനായി അണികളടക്കം ചെങ്കൊടിയുമായി സമരത്തിനിറങ്ങിയ കണ്ണൂര്‍ കീഴാറ്റൂര്‍ വയലിലെ സമരം മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണു സി.പി.എമ്മിനെ വലയ്ക്കുന്നത്. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ കൃഷിയിടം സംരക്ഷിക്കാനിറങ്ങിയ കര്‍ഷകര്‍ക്കു നേരേ സി.പി.എം. ഭരണത്തില്‍ പോലീസ് വെടിയുതിര്‍ത്തിന്റെ വാര്‍ഷികദിനത്തില്‍ ഇന്നലെ കീഴാറ്റൂരില്‍ കര്‍ഷകരുടെ ആത്മഹത്യാഭീഷണി മുഴങ്ങിയതും സമൂഹമാധ്യമങ്ങളില്‍ ആളിപ്പടരുന്നു. കീഴാറ്റൂരിലെ വയല്‍ക്കിളി കൂട്ടായ്മയുടെ സമരപ്പന്തല്‍ സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കത്തിച്ചതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.
വയല്‍ നികത്തിത്തന്നെ െഹെവേ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. 56 കുടുംബങ്ങള്‍ ഭൂമി വിട്ടുനല്‍കാന്‍ തയാറാണെന്നും നാലു കുടുംബങ്ങള്‍ മാത്രമാണു സമരരംഗത്തുള്ളതെന്നും സര്‍ക്കാര്‍ വാദിക്കുമ്പോഴും വയോധികരും സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേരാണ് ഇന്നലെ കീഴാറ്റൂരിലെ സമരഭൂമിയില്‍ അണിനിരന്നത്. കണ്ണൂര്‍- കാസര്‍ഗോഡ് ദേശീയപാതയില്‍ കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ വയല്‍ നികത്തി െബെപാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമത്തില്‍ത്തന്നെ എതിര്‍പ്പുയര്‍ന്നത് സര്‍ക്കാരിനെ തുടക്കത്തിലേ വെട്ടിലാക്കിയിരുന്നു.
ഇതിനെ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെയാണ് ''വയല്‍ക്കിളികള്‍'' എന്ന പേരില്‍ സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ച് സമരം ശക്തമാക്കിയത്. ഇവര്‍ക്കൊപ്പം ചേര്‍ന്ന പതിനൊന്ന് പാര്‍ട്ടി അംഗങ്ങളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് സമര രിത്രം ഉറങ്ങിക്കിടക്കുന്ന നാടാണ് കണ്ണൂര്‍ തളിപ്പറമ്പിലെ കീഴാറ്റൂര്‍. ജന്മിത്വത്തിനെതിരായ പോരാട്ടത്തിലെ ആവേശോജ്വല ഏടായ മൊറാഴ സമരത്തിന്റെ രാഷ്ട്രീയഭൂമി കൂടിയായ കീഴാറ്റൂരില്‍ കൃഷിഭൂമിയുടെ സംരക്ഷണത്തിനായി സമരകാഹളം മുഴങ്ങിയപ്പോള്‍ ആ നാട്ടിലെ ജനതയ്ക്ക് എന്നും കരുത്തായിരുന്ന പ്രസ്ഥാനം എതിര്‍ചേരിയിലായി.
സമരം അനാവശ്യമെന്ന വിശദീകരണം നടത്തി പാര്‍ട്ടി തളര്‍ന്നു. െകെത്തറിഗ്രാമങ്ങളെ രക്ഷിക്കാനാണു വിജനമായ വയല്‍പ്രദേശത്തേക്ക് െബെപാസ് മാറ്റുന്നതെന്ന നിലപാടിലൂന്നിയായിരുന്നു ന്യായീകരണ ശ്രമങ്ങള്‍. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള മുന്‍വിജ്ഞാപനം അട്ടിമറിച്ച് പുതിയ നീക്കത്തിലൂടെ ഏക്കറുകളോളം പാടം നികത്തിയുള്ള പദ്ധതിക്ക് കളമൊരുക്കിയ നടപടി ന്യായീകരിക്കാനുളള പാര്‍ട്ടി ശ്രമങ്ങളെല്ലാം വിഫലമായി. നേരത്തേ വയലിലേക്കു കടക്കാതെ നിര്‍ദേശിക്കപ്പെട്ട പാത കീഴാറ്റൂര്‍ വയലിന്റെ നെഞ്ചുപിളര്‍ത്തുന്ന പദ്ധതിയായി മാറിയതില്‍ അഴിമതി ഇടപെടല്‍ നടന്നിട്ടുണ്ടെന്ന ആരോപണത്തിനും അധികൃതര്‍ക്ക് മറുപടിയുണ്ടായില്ല.
വയല്‍ വഴിയുളള പാത നിര്‍മാണത്തിന് സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ആഘാതങ്ങളെപ്പറ്റി സമഗ്രമായ കണക്കെടുപ്പു പോലും നടത്തിയിരുന്നില്ല. സമരത്തെ പിന്തുണച്ചവരെ തീവ്രവാദികളായി ചിത്രീകരിക്കാനും ശ്രമം നടന്നു. വികസനത്തിനെതിരേയല്ല, പരിസ്ഥിതി തകര്‍ത്തുകൊണ്ടു മാത്രമേ തന്നെ വികസനം നടക്കൂ എന്ന ദുശാഠ്യത്തിനെതിരാണ് സമരമെന്ന് അണിയറക്കാര്‍ പറയുന്നു. സംഘര്‍ഷഭരിതമായ മണിക്കൂറുകള്‍ക്കു ശേഷം വഴങ്ങിയ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമായിരുന്നു സമരപ്പന്തലിനു തീയിട്ട് സി.പി.എം പ്രവര്‍ത്തകരുടെ പ്രകടനം. എതിര്‍ക്കാന്‍ ശ്രമിച്ചവരെ വിരട്ടിയോടിച്ചു. അപ്പോഴെല്ലാം പോലീസ് കാഴ്ചക്കാരായെന്ന് ആക്ഷേപമുണ്ട്.






