
തളിപ്പറമ്പ് : കീഴാറ്റൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ച സമരപ്പന്തല്‍ പുനസ്ഥാപിക്കാന്‍ നീക്കം. ബഹുജന പിന്തുണയോടെ 25 ന് സമരപ്പന്തല്‍ പുന:സ്ഥാപിക്കുമെന്ന് വയല്‍ക്കിളികള്‍ അറിയിച്ചു.
ബൈപ്പാസ് റോഡിനു വേണ്ടി കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കുന്നതിനെതിരെ സമരവുമായി രംഗത്തുണ്ടായിരുന്ന വയല്‍ക്കിളികളുടെ സമരപ്പന്തലാണ് കത്തിക്കപ്പെട്ടത്. ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുമ്പോള്‍ തളിപ്പറമ്പ് ടൗണില്‍ റോഡ് വീതികൂട്ടുന്നത് ഒഴിവാക്കാനാണ് കീഴാറ്റൂര്‍ വയല്‍ വഴി ബൈപാസ് നിര്‍മിക്കുന്നത്. വയല്‍ നികത്തുന്നതിനെതിരെ സിപിഐഎം മുന്‍ പ്രാദേശിക നേതാവ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി അംഗങ്ങളും അനുഭാവികളും വയല്‍ക്കിളി കൂട്ടായ്മ രൂപീകരിച്ചു സമരത്തിനിറങ്ങിയത്.
റോഡിന്റെ റൂട്ട് മാറ്റുന്നതു പരിഗണിക്കുമെന്ന മന്ത്രിയുടെ ഉറപ്പില്‍ സമരം നിര്‍ത്തിയെങ്കിലും വയലിലൂടെ തന്നെ റോഡ് നിര്‍മിക്കാന്‍ വിജ്ഞാപനമായ സാഹചര്യത്തില്‍ വയല്‍ക്കിളികള്‍ കഴിഞ്ഞമാസം സമരം പുനരാരംഭിച്ചു. ഇതിനിടെ, സമരത്തില്‍ പങ്കെടുത്തതിനു 11 പ്രവര്‍ത്തകരെ ഈ മാസം ആദ്യം സിപിഐഎം പുറത്താക്കിയിരുന്നു.






