ന്യൂയോര്‍ക്ക്: ലോകോത്തര കുപ്പിവെള്ള ബ്രാന്റുകളില്‍ നേര്‍ത്ത പ്ലാസ്റ്റിക്ക് തരികള്‍ അടങ്ങിയെന്ന പഠനത്തെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ അന്വേഷണം. ന്യൂയോര്‍ക്കിലെ മാധ്യമമായ ഓര്‍ബ് മീഡിയ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. മാധ്യമത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ ശാസ്ത്രജ്ഞരാണ് പരിശോധന നടത്തിയത്.
ഇന്ത്യ അടക്കം ഒന്‍പത് രാജ്യങ്ങളിലായി നടത്തിയ പരിശോധനയിലാണ് കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക്ക് തരികള്‍ ഉള്‍പ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ബ്രസീല്‍, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, കെനിയ, ലെബനന്, മെക്സിക്കോ, തായ്ലാന്ഡ്, യുഎസ് എന്നിവിടങ്ങളിലെ 250 കുപ്പിവെള്ളം വീതമെടുത്താണ് ഇവര്‍ പരിശോധന നടത്തിയിരിക്കുന്നത്. ഇതില്‍ 93 ശതമാനത്തിലും പ്ലാസ്റ്റിക്ക് ഉണ്ടെന്നാണ് കണ്ടെത്തല്‍.
ഒരു ലിറ്റര്‍ വെള്ളത്തില്‍ നിന്നും 325 കണികകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ചിലതില്‍ ഇത് 10,000 വെരെ ഉയര്‍ന്ന അളവിലുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അഖ്വാ, അഖ്വാഫിന, ദേസാനി, ഇവിയാന്‍, നെസ്ലെ പ്യുര്‍ ലൈഫ്, സാന്‍ പെലിഗ്രിനോ എന്നീ പ്രമുഖ കമ്പനികളും ഇതില്‍ ഇടം പിടിച്ചിട്ടുണ്ട്. കുടല്‍ഭിത്തികളിലൂടെ ആഗിരണം ചെയ്യപ്പെടുമെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് പഠനം.






