ആഗ്ര: താജ്മഹലിനെ ഹിന്ദു ക്ഷേത്രമാക്കിയ സംഘപരിവാര്‍ മക്കയിലും അവകാശവാദം ഉന്നയിക്കുന്നു. മക്കയും മുഗള്‍ സ്മാരകങ്ങളും ഏഴ് മുസ്ലീം പള്ളികളും ഹിന്ദു ക്ഷേത്രങ്ങളാണെന്ന് ഹിന്ദു മഹാസഭയുടെ കലണ്ടര്‍. ഹിന്ദു മഹാസഭയുടെ അലിഗഡ് യൂണിറ്റ് ഞായറാഴ്ചയാണ് കലണ്ടര്‍ പുറത്തിറക്കിയത്.
താജ്മഹലിനെ തേജോ മഹാലയ ക്ഷേത്രം എന്നാണ് കലണ്ടര്‍ നാമകരണം ചെയ്തിരിക്കുന്നത്. മക്കയിലെ മുസ്ലീം ആരാധനാലയം മക്കേശ്വര്‍ മഹാദേവ മന്ദിര്‍ ആണെന്നും കലണ്ടര്‍ അവകാശപ്പെടുന്നു. മധ്യപ്രദേശിലെ മകല്‍ മൗലാ മസ്ജിദിനെ ഭോജ്ശാല എന്നും കാശിയിലെ ഗ്യാന്‍വാപി പള്ളിയെ വിശ്വനാഥക്ഷേത്രം എന്നുമാണ് കലണ്ടര്‍ നാമകരണം ചെയ്തിരിക്കുന്നത്. കുത്തബ് മീനാര്‍ വിഷ്ണു സ്തംഭവും ജൗന്‍പൂരിലെ അട്ടലാ പള്ളി അത്ല ദേവി ക്ഷേത്രവും ആണെന്നും കലണ്ടര്‍ പറയുന്നു.
പണ്ട് രാജ്യം കൊള്ളയടിച്ച വിദേശികള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തട്ടിയെടുത്ത് പേര് മാറ്റി പള്ളിയാക്കുകയായിരുന്നെന്ന് ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പുജ ശകുന്‍ പാണ്ഡേ പറഞ്ഞു. കലണ്ടറില്‍ പരാമര്‍ശിച്ചിട്ടുള്ള മക്ക അടക്കമുള്ളവ ഹിന്ദുക്കള്‍ക്ക് തിരിച്ചുനല്‍കണമെന്നും പാണ്ഡെ പറഞ്ഞു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന പ്രതീക്ഷിക്കുന്നതായും പാണ്ടെ പറഞ്ഞു.






