ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിപ്പിന്റെ സാധ്യത തേടുന്ന കാലമാണിത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് കീഴില്‍ മറ്റ് കക്ഷികളെ യോജിപ്പിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനിടെ കോണ്‍ഗ്രസ് വിരുദ്ധ സഖ്യത്തിന് കൂടി സാധ്യത തേടി തെലുങ്കാന രാഷ്ട്ര സമിതിയും തൃണമുല്‍ കോണ്‍ഗ്രസും. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
കോണ്‍ഗ്രസ്-ബി.ജെ.പി ഇതര ഫെഡറല്‍ മുന്നണിയുടെ സാധ്യത ചര്‍ച്ച ചെയ്യുന്നതിനാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് രാഷ്ട്രീയ നീക്കം. ഒരു ബദല്‍ മുന്നണിയുടെ ആവശ്യകതയുണ്ടെന്ന് റാവും പറഞ്ഞു. ഏതാനും പാര്‍ട്ടികളുടെ പേരിനുള്ള സഖ്യമായിരിക്കില്ല ഇത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള മുന്നണിയായിരിക്കും തങ്ങളുടേതെന്നും റാവു കൂട്ടിച്ചേര്‍ത്തു.
സമാനമനസ്കരുടെ കൂട്ടായ്മയായിരിക്കും ഫെഡറല്‍ മുന്നണിയെന്ന് റാവു പറഞ്ഞു. എന്നാല്‍ മുന്നണിയെ ആര് നയിക്കുമെന്ന ചോദ്യത്തോട് കൂട്ടായ നേതൃത്വമായിരിക്കുമെന്ന് റാവു പ്രതികരിച്ചു. ഇരു നേതാക്കളും തമ്മില്‍ കൊല്‍ക്കത്തയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി മൂന്നാം മുന്നണി രൂപീകരിക്കണമെന്ന് റാവു അഭിപ്രായപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹത്തെ മമത ചര്‍ച്ചയ്ക്ക് വിളിച്ചത്.
ഫെഡറല്‍ മുന്നണി മികച്ച തുടക്കമാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ തേടാനാകുമെന്ന് ഉറപ്പുണ്ട്. ഫെഡറല്‍ മുന്നണിക്ക് സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും മമത കൂട്ടിച്ചേര്‍ത്തു. സമാന മനസ്കരുമായി ചര്‍ച്ച നടത്തി. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന രാഷ്ട്രീയ അജണ്ട രൂപകീരിക്കുകയാണ് ലക്ഷ്യമെന്ന് മമത ബാനര്‍ജിയും കൂട്ടിച്ചേര്‍ത്തു.






