
ലഖ്നൗ: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട 131 കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചു. മുസാഫര്‍നഗര്‍, ഷാമി എന്നിവിടങ്ങളില്‍ 2013ലുണ്ടായ കലാപങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. 131 കേസുകളില്‍ 13 എണ്ണം തന്നെ കൊലപാതകങ്ങളും 11 എണ്ണം കൊലപാതക ശ്രമങ്ങളുമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകാള് പ്രകാരം കൊടുംകുറ്റകൃത്യങ്ങളുടെ പട്ടികയില്‍ പെടുത്തി ചുമത്തിയിരുന്ന കുറ്റങ്ങളാണ് ഇവയില്‍ ഏറെയും. കുറഞ്ഞത് ഏഴു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ്.
കേസുകളിലെ പ്രതികളില്‍ ഏറെയും ബി.ജെ.പി പ്രവര്‍ത്തകരാണ്. 2013 സെപ്തംബറില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ 62 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. 503 കേസുകളാണ് കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 1400 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. മുസാഫര്‍നഗര്‍, ഷാമി ജില്ലകളില്‍ നിന്നുള്ള ഖാപ് നേതാക്കള്‍ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കാന്‍ തീരുമാനമായത്.






