
തളിപ്പറമ്പ് : കീഴാറ്റൂര്‍ വയല്‍ക്കിളി കര്‍ഷക സമരത്തിന് പിന്തുണയുമായി ഞായറാഴ്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന മാര്‍ച്ച് കാണാന്‍ പോലും പോകരുതെന്ന് അണികളോട് സിപിഎം. 'കേരളം കണ്ണൂരിലേയ്ക്ക്' എന്ന പേരില്‍ നടക്കാനിരിക്കുന്ന മാര്‍ച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും കാണാന്‍ പോലും പോകരുതെന്നാണ് നിര്‍ദേശം.
കീഴാറ്റൂര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ 'വയല്‍കാവല്‍' സമര സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി.ജയരാജനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. എന്തെങ്കിലും പ്രശ്നമുണ്ടാക്കി വാര്‍ത്താ പ്രാധാന്യം കിട്ടാന്‍ വയല്‍ക്കിളികള്‍ ശ്രമിച്ചേക്കാമെന്നും സിപിഎം പ്രവര്‍ത്തകര്‍ അതില്‍ പെടരുതെന്നും വീണു പോല സമരത്തെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും സഹായത്തോടെ ശ്രമിക്കുന്നതെന്നും ജയരാജന് ആരോപിച്ചു.
അതേസമയം, കീഴാറ്റൂരില്‍ വന്ന് പ്രശ്നമുണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സമിതി അംഗം എം.വി ഗോവിന്ദന് പറഞ്ഞു.






