
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പുറത്താക്കുന്നതിന് പ്രതിപക്ഷ എം.പിമാര്‍ ഇംപീച്ച്മെന്റ് നീക്കം നടത്തുന്നു. കോണ്‍ഗ്രസ് എം.പിമാരുടെ നേതൃത്വത്തില്‍ ഇതിന് വേണ്ട ഒപ്പു ശേഖരണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
ചീഫ് ജസ്റ്റിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട സാദ്ധ്യതകള്‍ ആരായാന്‍ കഴിഞ്ഞയാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇതുമായി മുന്നോട്ട് പോവാം എന്ന ധാരണയില്‍ എത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, ഗുലാംനബി ആസാദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ പ്രമേയത്തില്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്.
എന്‍.സി.പിയിലെ മജീദ് മേമനും ഒപ്പിട്ട എം.പിമാരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സിപിഎം തുടങ്ങിയ പാര്‍ട്ടികളും ചീഫ് ജസ്റ്റിനെതിരായ നീക്കത്തെ പിന്തുണയ്ക്കുന്നതായാണ് വിവരം. 50 എം.പിമാരെങ്കിലും ഒപ്പിട്ടാല്‍ മാത്രമേ ഇംപീച്ച്മെന്റ് പ്രമേയം പരിഗണിക്കുകയുള്ളു.






