
ജീവിതത്തില്‍ ആദ്യമായി എടുത്ത ലോട്ടറിയില്‍ 18 കാരിയെ വിധി ഉയര്‍ത്തിയത് ലക്ഷപ്രഭുവിലേക്ക്. കാനഡയിലെ ചാര്‍ളി ലാഗാര്ഡേയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. മാര്‍ച്ച് 14 ന് 18 വയസ്സ് തികഞ്ഞ ദിവസം തന്നെ പിറന്നാള്‍ സമ്മാനമായി കിട്ടിയത് അഞ്ചു കോടി രൂപയാണ്. പത്തു ലക്ഷം കനേഡിയന്‍ ഡോളറോ (ഏകദേശം 780,000 അമേരിക്കന്‍ ഡോളര്‍) ആഴ്ചയില്‍ 1000 ഡോളര്‍ വീതമോ ലഭിക്കും.
ഇന്ത്യന്‍ രൂപ കണക്കില്‍ ഏകദേശം 50666850.00 രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. ഈ മാസം ആദ്യം മോണ്ടിറീയാലിലെ തന്റെ വീടിനടുത്തുള്ള നഗരത്തില്‍ നിന്നുമായിരുന്നു പെണ്‍കുട്ടി ലോട്ടറി ടിക്കറ്റ് എടുത്തത്. നാലു ഡോളറായിരുന്നു ലോട്ടറിയുടെ വില. നികുതി ഇല്ലാത്ത ലോട്ടറിത്തുക മൊത്തമായി വാങ്ങണോ അതോ ആഴ്ച ശമ്പളം വാങ്ങണോ എന്ന ആശങ്കയിലാണ് പെണ്‍കുട്ടി.
തന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവുമായി ആലോചിച്ച് അവര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. ജീവിതത്തില്‍ ആദ്യമായിട്ടാണ് ചാര്‍ളി ലോട്ടറിയെടുക്കുന്നത്. ആദ്യടിക്കറ്റില് തന്നെ പെണ്‍കുട്ടിയെ തേടി ഭാഗ്യം എത്തുകയും ചെയ്തു. പണം താന്‍ യാത്രകള്‍ക്കും വിദ്യാഭ്യാസത്തിനുമായി ചെലവഴിക്കുമെന്നാണ് പെണ്‍കുട്ടിയുടെ ആദ്യ പ്രതികരണം. തനിക്ക് ഫോട്ടോഗ്രാഫി പഠിക്കണമെന്നാണ് ചാര്‍ളിയുടെ ആഗ്രഹം. അതിന് ശേഷം അന്താരാഷ്ട്ര മാധ്യമം നാഷണല്‍ ജിയോഗ്രാഫിക്കിന് വേണ്ടി ജോലി ചെയ്യണമെന്നും ചാര്‍ളി പറയുന്നു.






