വാരണാസി: ശതകോടികളുടെ ബാങ്ക് തട്ടിപ്പ് വ്യാപകമാകുന്നതിനിടെ ബാങ്കിന്റെ വ്യാജ ശാഖ തന്നെ സൃഷ്ടിച്ച് മറ്റൊരു തട്ടിപ്പ്. ഉത്തര്‍പ്രദേശിലെ ബല്യ ജില്ലയിലാണ് തട്ടിപ്പ് അരങ്ങേറിയത്. കര്‍ണാടക ബാങ്കിന്റെ വ്യാജ ശാഖ തുറന്നാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ബല്യ ജില്ലയിലെ മുലായം നഗറിലാണ് വ്യാജ ബാങ്ക് ശാഖ തുറന്നത്. ഇയാളെ ബുധനാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അഫാഖ് അഹമ്മദ് എന്നായാളാണ് പിടിയിലായത്. ബദൗന്‍ സ്വദേശിയാണ് ഇയാള്‍. വിനോദ് കുമാര്‍ കമ്പാലി എന്ന വ്യാജ പേരില്‍ ബാങ്കിന്റെ വ്യാജ ശാഖയുടെ മാനേജരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇയാള്‍. വ്യാജ പേരില്‍ വ്യാജ ഐ.ഡി കാര്‍ഡ്, വ്യാജ വോട്ടേഴ്സ് ഐഡി കാര്‍ഡ്, വ്യാജ ആധാര്‍ എന്നിവയും ഇയാള്‍ സൃഷ്ടിച്ചിരുന്നു. വ്യാജ ബാങ്കില്‍ അക്കൗണ്ടുകള്‍ തുറന്നും പ്രദേശവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചും 1.37 കോടി രൂപ തട്ടിയെടുത്തു.
ബാങ്കിന്റെ വ്യാജ ശാഖയില്‍ നിന്നും അപേക്ഷാ ഫോമുകള്‍, പാസ് ബുക്കുകള്‍, മൂന്ന് കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്, ഫര്‍ണിച്ചറുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. കര്‍ണാടക ബാങ്കിന്റെ ഡല്‍ഹി ശാഖയിലെ അഡീഷണല്‍ ജനറല്‍ മാനേജരുടെ പരാതിയില്‍ നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് പിടികൂടിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി വ്യാജ ബാങ്കില്‍ പരിശോധന നടത്തുകയായിരുന്നു. മുന്‍ സൈനികന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രതിമാസം 32,000 രൂപ വാടക നല്‍കിയാണ് വ്യാജ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത്.
പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ അഫാഖ് അഹമ്മദ് ബാങ്ക് മാനേജരുടെ ക്യാബിനിലിരുന്ന് ജോലി ചെയ്യുകയായിരുന്നു. ഇയാള്‍ നിയമിച്ച് അഞ്ച് ജീവനക്കാരും സംഭവസമയത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. പോലീസ് ഇയാളോട് അപ്പോയിന്റ്മെന്റ് ലെറ്റര്‍, റിസര്‍വ് ബാങ്കില്‍ നിന്നുള്ള ലൈസന്‍സ്, ബാങ്ക് ആസ്ഥാനത്ത് നിന്നുള്ള ഓതറൈസേഷന്‍ ലെറ്റര്‍ എന്നിവ കാണിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ക്ക് അവ ഹാജരാക്കാനായില്ല. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബാങ്കില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്കെതിരെ കേസെടുക്കില്ല. ഇവര്‍ക്ക് അഹമ്മദ് നടത്തിയ തട്ടിപ്പില്‍ പങ്കാളിത്തം ഉണ്ടായിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പ്രദേശവാസികളായ ജീവനക്കാര്‍ 5000 രൂപ ശമ്പളത്തിനാണ് ജോലി ചെയ്തിരുന്നത്. ഇവര്‍ക്ക് തട്ടിപ്പിനെക്കുറിച്ച് അറിവില്ലായിരുന്നു. മൊഴിയെടുത്ത ശേഷം ഇവരെ വിട്ടയച്ചു. ഒരു മാസം മുന്‍പാണ് ബാങ്ക് തുടങ്ങിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഒന്നാം മാസത്തെ വാടക കെട്ടിട ഉടമയ്ക്ക് നല്‍കിയിട്ടില്ല. ഫര്‍ണിച്ചറുകള്‍ വാങ്ങിയതിന്റെ പണവും കൊടുക്കാനുണ്ട്. ഒരു മാസം കൊണ്ട് 15 അക്കൗണ്ടുകള്‍ ബാങ്കില്‍ തുടങ്ങിയിരുന്നു. ആയിരം രൂപ മിനിമം ബാലന്‍സ് ഈടാക്കിയാണ് അക്കൗണ്ടുകള്‍ തുടങ്ങിയത്. പലരില്‍ നിന്നായി 30,000 രൂപ മുതല്‍ 70,000 രൂപ വരെ നിക്ഷേപം സ്വീകരിച്ച് 1.37 കോടി രൂപ ഇവര്‍ തട്ടിയെടുത്തു. ബല്യയിലെ ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ ഒരു ഇടപാടുകാരനാണ് ഡല്‍ഹിയിലെ ശാഖയില്‍ വിവരം അറിയിച്ചത്.
തുടര്‍ന്ന് ഡല്‍ഹി ശാഖയിലെ ജീവനക്കാര്‍ അന്വേഷിച്ചപ്പോള്‍ ബല്യയില്‍ കര്‍ണാടക ബാങ്കിന് ശാഖയില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.