
ന്യൂഡല്‍ഹി : സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നതതല സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി രോഹന് മാത്യു സുപ്രീംകോടതിയെ സീമിപിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കിടയായ സാഹചര്യം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി രോഹന് മാത്യൂ സുപ്രീംകോടതിയെ സമീപിച്ചത്.
ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ ഒഴികെയുള്ള മേഖലകളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ നിര്‍ദേശിക്കണമെന്നും രോഹന് മാത്യൂവിന്റെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെടും.
ഇതിനിടെ, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കളുടെ സംഘടന. അതേസമയം, കൂടുതല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.
പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അച്ഛന്റെ ഇമെയിലില്‍ നിന്ന് കണക്ക് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം സിബിഎസ്ഇ അധ്യക്ഷയെ അറിയിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തി. പന്ത്രണ്ടാം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നുവെന്ന അഭ്യൂഹവും അന്വേഷണ സംഘം പരിശോധിക്കും.






