
കൊച്ചി: ബംഗാളിനെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫിയുമായി എത്തിയ കേരളാ ടീമിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണം. മന്ത്രി കെ.ടി ജലീല്‍, ഹൈബി ഈഡന് എംഎല്‍എ, സ്പോര്‍ട്സ് കൗണ്‍സിലിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ ടീമംഗങ്ങളെ സ്വീകരിക്കുന്നതിനായി നെടുമ്പാശ്ശേരിയില്‍ എത്തിയിരുന്നു. കൂടാതെ ടീമംഗങ്ങളെ സ്വീകരിക്കാന്‍ ആര്‍പ്പു വിളികളുമായി നിരവധി ആരാധകരും എത്തിയിരുന്നു.
ബംഗാളിനെതിരായ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് കേരളം വിജയിച്ചത്. സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ആറാം കിരീടമാണിത്. കേരളം സന്തോഷ് ട്രോഫി ഫുട്ബോള്‍ ജേതാക്കളായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഏപ്രില്‍ ആറിന് വിജയദിനമായി ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തിരുമാനിച്ചിരുന്നു. അന്ന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളാ ടീമിന് സ്വീകരണം നല്‍കും.






