
കോഴിക്കോട്: തെരഞ്ഞെടുപ്പ് സമയത്തും പിന്നീടും പറഞ്ഞ വാക്കുകള്‍ പാലിക്കാതെ നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് കാന്തപുരം വിഭാഗം സുന്നി സംഘടനകള്‍ സി.പി.എമ്മിനോട് അകലുന്നു. ഇതിലുംഭേദം കോണ്‍ഗ്രസാണ് എന്ന് ഈ സര്‍ക്കാര്‍ വന്ന് ഒരുവര്ഷമായപ്പോഴേ യുവജനവിഭാഗങ്ങള്‍ നേതൃത്വത്തോട് പറഞ്ഞിരുന്നു.
എങ്കിലും ലീഗുകാര്‍ക്കു മുമ്പില്‍ വളയേണ്ടതില്ല എന്ന നിലപാട് നേതൃത്വം സ്വീകരിച്ചതുകൊണ്ടായിരുന്നു ബന്ധം വീണ്ടും നീണ്ടുപോയത്. എന്നാല്‍, ഇനിയൊട്ടും തുടരാന്‍ ആവില്ലെന്ന് കേരള മുസ്ലിം ജമാ അത്ത്, സുന്നി മാനേജ്മെന്റ് അസോസിയേഷന് തുടങ്ങിയ ഘടകകക്ഷികളുടെ അഭിപ്രായം നേതൃത്വം ഗൗരവമായി പരിഗണിക്കുകയാണെന്ന് മര്‍ക്കസ് സഖാഫത്തി സുന്നിയ്യയുടെ ഭരണവിഭാഗത്തിലുള്ള ഉന്നതനായ മൗലവി സ്ഥിരീകരിച്ചു.
"കേള്‍ക്കുന്നതില്‍ തീരെ കഴമ്പില്ലാതില്ല. വെറും ഊഹാപോഹങ്ങളുമല്ല.
ഞങ്ങള്‍ക്ക് ഇടതുമുന്നണിയോട് ചേര്‍ന്ന് നില്ക്കുന്നതില് നഷ്ടമാണ് കൂടുതല്‍. മുസ്ലിം ജനസാമാന്യത്തിന്റെ മുഖ്യധാരയില്‍ പ്രമുഖ സംഘമായ ഞങ്ങളെ അരിവാള്‍ സുന്നി എന്നുവരെ ശത്രുക്കള്‍ വിളിച്ചത് ഞങ്ങള്‍ സി.പി.എമ്മിനെ പിന്തുണച്ചതുകൊണ്ടാണ്. എന്നാല്‍, ഞങ്ങള്‍ക്കോ സംഘടനയുടെ പ്രവര്‍ത്തകര്‍ക്കോ ഇടതുഭരണത്തില്‍ കാര്യമായ സഹായങ്ങള്‍ ലഭിക്കുന്നുമില്ല"- അദ്ദേഹം വിശദമാക്കി.
തെരഞ്ഞെടുപ്പിനു മുന്‍പ് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരെ കാണാന്‍ ചെന്നപ്പോള്‍ കഴിഞ്ഞ തവണത്തെ ഇടതു സര്‍ക്കാര്‍ തങ്ങളെ വേണ്ടവിധം പരിഗണിച്ചില്ലെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ "അങ്ങനെയൊന്നും ഇനി ഉണ്ടാകില്ല; നിങ്ങള്‍ നമ്മുടെ നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത ഘടകകക്ഷിയായിരിക്കും" എന്നാണ് അവര്‍ ഉറപ്പുപറഞ്ഞതെന്ന് സംഘടനാ വക്താക്കള്‍ പറയുന്നു. അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ന്യൂനപക്ഷ കമ്മീഷന്, വഖഫ് ബോര്‍ഡ് തുടങ്ങിയവയില്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന സ്ഥാനങ്ങളില്‍ സുന്നികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നായിരുന്നു സി.പി.എം. നേതാക്കളുടെ വാഗ്ദാനം.
അത്തരം സ്ഥാനങ്ങള്‍ ഏതു മുന്നണിയും നല്കുന്നതായതിനാല് മുഖ്യധാരയില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന ചില സ്ഥാനങ്ങള്‍ നല്കണമെന്നുള്ള കാന്തപുരത്തിന്റെ ആവശ്യം ഇരു നേതാക്കളും അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബന്ധം തുടരാന്‍ ധാരണയായത്.എന്നാല്‍ ഭരണത്തില്‍ കയറി ഒരാണ്ടിനകംതന്നെ എല്ലാ വാഗ്ദാനങ്ങളും പിണറായി സര്‍ക്കാര്‍ ലംഘിച്ചു. തുടര്‍ന്ന് സി.പി.എമ്മുമായുള്ള ബന്ധം വിടണമെണ പോഷകസംഘടനകളുടെ നിര്‍ബന്ധമുണ്ടായപ്പോള്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയെ കണ്ട് പ്രതിഷേധം അറിയിക്കാനും ആവശ്യങ്ങള്‍ അറിയിച്ച് വീണ്ടും കത്ത് നല്‍കാനും മാതൃസംഘടനയായ സമസ്ത തീരുമാനിക്കുകയായിരുന്നു.
ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍വീസില്‍നിന്ന് വിരമിച്ച മുതിര്‍ന്ന മുസ്ലിം ഐ.എ.എസ്. ഉദ്യോഗസ്ഥനു പകരം പട്ടികയില്‍ മുകളില്‍ സ്ഥാനംപിടിച്ച മറ്റൊരു മുസ്ലിമിന് ഐ.എ.എസ്. നല്‍കുക, സി.ഡബ്ലിയു.ആര്.ഡി. എമ്മില്‍ ഉന്നതറാങ്കില്‍ നില്ക്കുന്ന മുസ്ലിം ഉദ്യോഗസ്ഥനെ നിയമിക്കുക, ന്യൂനപക്ഷക്ഷേമ വകുപ്പില്‍ ഡയറക്ടറായി മര്‍ക്കസ് നിര്‍ദേശിക്കുന്ന ആളെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളിലെല്ലാം അവസാന നിമിഷംവരെ മോഹം നല്‍കിയശേഷം പാര്‍ട്ടി കണ്ണടച്ചു.
കാര്‍ഷിക സര്‍വകലാശാലയില്‍ ഉന്നത ഉദ്യോഗസ്ഥനായി നിയമിതനാകാന്‍ ഒന്നാംസ്ഥാനത്ത് വന്ന സുന്നി ഉദ്യോഗസ്ഥനെ നിയമിക്കാതെ പട്ടിക റദ്ദാക്കി വേറെ ഇന്റര്‍വ്യൂ നടത്തുകപോലും ചെയ്തു. ഇതെല്ലാം കാണിച്ച് സംഘടനാ നേതാക്കള്‍ നാലുമാസം മുമ്പ് എ.കെ.ജി. സെന്ററിലെത്തി പാര്‍ട്ടി സെക്രട്ടറിക്ക് നേരിട്ട് കത്ത് നല്കി പ്രതിഷേധം അറിയിച്ചതാണ്. ഇനി വരുന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരം അവഗണന ഉണ്ടാവില്ലെന്ന് വാക്ക് പറഞ്ഞാണ് കോടിയേരി ബാലകൃഷ്ണന് നേതാക്കളെ യാത്രയാക്കിയത്. അതിനുശേഷമാണ് മര്‍ക്കസ് സമ്മേളനത്തില്‍ പിണറായിയേയും കോടിയേരിയേയും പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍, തൊട്ടുപിന്നാലെ കണ്ണൂരില്‍ സുന്നി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇപ്പോഴും ചില ഉന്നത സ്ഥാനങ്ങളിലെ നിയമനത്തിന് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ നേരിട്ടെത്തി പരിചയപ്പെടുത്തിയവരെ വീണ്ടും തഴഞ്ഞ് സംഘടനയെ അവഹേളിക്കുന്ന നിലപാട് സി.പി.എം. തുടരുന്നതിനാല്‍ ഇനിയൊട്ടും ഈ കൂട്ടുകെട്ട് വേണ്ട എന്ന സമ്മര്‍ദ്ദത്തിനു വഴങ്ങുന്ന തരത്തിലേക്ക് സമസ്തയിലെ പ്രമുഖര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും അടുത്ത യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നുമാണറിയുന്നത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമസ്തയുടെ ഈ നീക്കം നിര്‍ണായകമാണ്. കൊല്ലകടവ്, മാന്നാര്‍, നിരണം, തിരുവല്ലയുടെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ സുന്നി വിഭാഗത്തിന് മേല്‍ക്കൈയുള്ള പ്രദേശങ്ങളാണ്.






