
സാന്‍ ഫ്രാന്‍സിസ്കോ: മുഖം മിനുക്കാന്‍ ഫെയ്സ്ബുക്ക് അവസാന ആയുധവും പുറത്തെടുക്കുന്നു. വിവരം ചോര്‍ത്തിയ വിവാദ വിഷയത്തില്‍ ഫെയ്സ്ബുക്ക് തലവന്‍ തന്നെ വിശദീകരണം നല്കാന് ഏപ്രില്‍ 11 നു യുഎസ് പ്രതിനധി സഭയില്‍ ഹാജരാകും. ഇക്കാര്യം ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്സ് കമ്മിറ്റി വ്യക്തമാക്കി.
ഈ വിഷയത്തില്‍ വിശദീകരണം നല്കാന് ഫെയ്സ്ബുക്കിന്റെ മറ്റൊരു പ്രതിനിധിയെ യുഎസ് പ്രതിനിധി സഭ(കോണ്‍ഗ്രഷനല്‍ കമ്മിറ്റി) യിലേക്കു അയയ്ക്കുമെന്ന് നേരത്തെ സക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു. എന്നാല്‍ വിവരം ചോര്‍ത്തല്‍ വിവാദം ശക്തമായതോടെയാണ് സക്കര്‍ബര്‍ഗ് നേരിട്ട് ഹാജരാകാന്‍ തീരുമാനിച്ചത്.
2016 ലെ പ്രസിഡന്റ് തിരുഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ ഫെയ്സ്ബുക്കില്‍ നിന്ന് അഞ്ചു കോടി ഉപഭോക്താക്കളുടെ വിവരം ചോര്‍ത്തി കേംബ്രിഡ്ജ് അനലിറ്റിക്ക(സിഎ) എന്ന കമ്പനിക്കു വിറ്റതായി കണ്ടെത്തിയിരുന്നു. ഇക്കാര്യം സിഎയുടെ റിസര്‍ച് ഡയക്ടറായ ക്രിസ്റ്റഫര്‍ വൈലി പുറത്തുവിട്ടതോടെയാണ് സക്കര്‍ബര്‍ഗ് പ്രതിരോധത്തിലായത്. പ്രതിനിധി സഭയ്ക്കു മുന്നില്‍ ഹാജരാകാനുള്ള ഫെയ്സ്ബുക്ക് സിഇഒയുടെ തീരുമാനത്തെ അനുമോദിച്ചു സമിതി അംഗങ്ങള്‍ രംഗത്തെത്തി.





