
കോട്ടയം: ദളിത് ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വാഹനം തടഞ്ഞതിന് കസ്റ്റഡിയിലെടുത്ത ആദിവാസി ഗോത്രസഭാ നേതാവ് ഗീതാനന്ദനടക്കമുള്ളവരെ പോലീസ് വിട്ടയച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് നിരവധി ദളിത് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഉത്തരേന്ത്യയില്‍ ഭാരത് ബന്ദില്‍ പങ്കെടുത്ത ദളിതരെ വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്. പാല്‍, പത്രം ഉള്‍പ്പെടെ അവശ്യസര്‍വീസുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.
കൊച്ചിയിലും, തിരുവനന്തപുരത്തും, കോഴിക്കോടും, ആലപ്പുഴയിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. തൃശ്ശൂരിലും കൊല്ലത്തും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ആലപ്പുഴയില്‍ ബസ് തടഞ്ഞ സമരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്തനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗീതാനന്ദനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഗീതാനന്ദന്‍ പറഞ്ഞു.
എസ്സി, എസ്ടി അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനെതിരേയാണ് ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, ഹര്‍ത്താലില്‍ നിയമവാഴ്ചയും സമാധാന അന്തരീക്ഷവും പാലിക്കുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനു വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.






