
ന്യൂഡൽഹി: രാജ്യസഭയിൽ എം.പി. ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ കമ്മ്യൂണിസ്റ്റുകാർ മുഴുവൻ ഭീരുക്കളാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും മന്ത്രി വിമർശിച്ചു. മറുപടി കേൾക്കാൻ തയ്യാറാകാത്തതാണ് അവരുടെ രീതിയെന്നും നിർമല സീതാരാമൻ പറഞ്ഞു.
യുപിഐ പേയ്മെന്റുകൾക്ക് ചാർജ് ഈടാക്കാനുള്ള നീക്കത്തിനെതിരായ ബ്രിട്ടാസിന്റെ പ്രസ്താവനയ്ക്കാണ് ധനമന്ത്രി മറുപടി നൽകിയത്. ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രി തന്നെ സേവനം സൗജന്യമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നുവെന്ന് ബ്രിട്ടാസ് പറഞ്ഞു. ഇപ്പോൾ ചാർജ് ഈടാക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യൻ രൂപ ഐസിയുവിലാണെന്നും അദ്ദേഹം വിമർശിച്ചു.
എന്നാൽ യുപിഐ ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കില്ലെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ചെറുകിട വ്യവസായികളെയും ചാർജ് ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
‘ബാങ്കേഴ്‌സ് ബുക്‌സ് എവിഡൻസ് ബിൽ’ സംബന്ധിച്ച് ധനമന്ത്രി രാജ്യസഭയിൽ മറുപടി പ്രസംഗം ആരംഭിക്കുന്നതിനിടെയാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം വിളികൾക്കിടെ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് ജോൺ ബ്രിട്ടാസിന് സംസാരിക്കാൻ അവസരം നൽകുകയായിരുന്നു.







Comments