
കണ്ണൂര്‍ : കീഴാറ്റൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി തുടര്‍ന്നാല്‍ തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് വയല്‍ക്കിളികള്‍. സി.പി.എം. കീഴാറ്റൂര്‍ വിഷയത്തില്‍ നടത്തിയ വിശദീകരണ മേഖലാ ജാഥകള്‍ക്ക് മറുപടിയുമായി ഇന്നു വയല്‍ക്കിളികള്‍ കണ്ണൂര്‍ ടൗണില്‍ പൊതുയോഗവും നടത്തും. വയല്‍ക്കിളികളെ പിന്തുണയ്ക്കുന്നവരുടെ സഹകരണത്തോടെ ലോങ് മാര്‍ച്ച് നടത്താനാണ് ആലോചന.
ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ നടപടികള്‍ക്കെതിരെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടാവുന്ന പ്രതിഷേധങ്ങളില്നിന്നുള്ള ആവേശം കൂടി മുതലെടുത്തായിരിക്കും ലോങ് മാര്‍ച്ച്. കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരും ആദിവാസികളും അണിനിരന്ന മാഹാരാഷ്ട്രയിലെ ലോങ് മാര്‍ച്ചിനു മുമ്പില്‍ ഭരണകൂടം അടിയറവു പറഞ്ഞിരുന്നു. സി.പി.എം. ഭരിക്കുന്ന കേരളത്തില്‍ ഇത്തരത്തിലൊരു ലോങ് മാര്‍ച്ച് അതുകൊണ്ടു തന്നെ ദേശീയ ശ്രദ്ധയാകര്‍ഷിക്കും.
മാര്‍ച്ചിനെതിരേ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ ദേശീയ തലത്തില്‍ സി.പി.എം. പ്രതിരോധത്തിലാകുകയും ചെയ്യും. അതേ സമയം കീഴാറ്റൂര്‍ വിഷയത്തില്‍ നിലപാട് വിശദീകരിച്ച് കണ്ണൂര്‍ ജില്ലയില്‍ സി.പി.എം. നടത്തിയ മേഖലാ ജാഥകള്‍ ഇന്നലെ സമാപിച്ചു.
ജാഥയില്‍ വയല്‍ക്കിളികള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് ഇന്ന് വയല്‍ക്കിളികള്‍ സംഘടിപ്പിക്കുന്ന പൊതുയോഗത്തിന്റെ ലക്ഷ്യം. ബി.ജെ.പിയുടെ കര്‍ഷകരക്ഷാ മാര്‍ച്ചില്‍ വേദി പങ്കിട്ടതില്‍ ജാഗ്രതക്കുറവ് സംഭവിച്ചതായി സമ്മതിച്ച വയല്‍ക്കിളികള്‍ സമരത്തിന് യു.ഡി.എഫ്. കൂടി പിന്തുണ അറിയിച്ചതോടെ കൂടുതല്‍ പ്രതീക്ഷയിലാണ്. നിലവില്‍ സമര രംഗത്തുള്ള ബി.ജെ.പിയും വിപുലമായ പ്രചാരണവും സമരപരിപാടികളുമാണ് ആസൂത്രണം ചെയ്യുന്നത്.






