
തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഇതോടൊപ്പം തന്നെ കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന്റെ ആസ്തി ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കും. ഡി.ജി.പി ഓഫീസര്‍ ടോമിന് തച്ചങ്കരിയെ കെ.എസ്.ആര്.ടി എം.ഡിയായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ എം.ഡിയായ ഡി.ജി.പി എ.ഹേമചന്ദ്രനെ തച്ചങ്കരി വഹിച്ചിരുന്ന അഗ്നിശമന സേനയുടെ ചുമതല നല്കി.
പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഹഡ്കോയ്ക്ക് കോളജ് നല്‍കാനുള്ള വായ്പ കുടിശ്ശിക സര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്ത് അടയ്ക്കാന്‍ തുടങ്ങിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് മുതല്‍ മെഡിക്കല്‍ കോളജിന്റെ ഭരണസമിതി നയപരമായ തീരുമാനങ്ങള്‍ എടുത്തിരുന്നില്ല. ദൈനംദിനകാര്യങ്ങളില്‍ മാത്രമാണ് ഭരണസമിതി ഇടപെട്ടിരുന്നത്.
കെ.എസ്.ആര്.ടി.സിയെ പ്രതിസന്ധിയില്‍നിന്നു കരകയറ്റാന്‍ എം.ഡി. സ്ഥാനം ഏറ്റെടുക്കണമെന്നു തച്ചങ്കരിയോടു മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. നഷ്ടത്തിലായിരുന്ന മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ് എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ തച്ചങ്കരി ഇവയെ ലാഭത്തിലാക്കിയിരുന്നു.
ഈ പ്രവര്ത്തനമികവാണു കെ.എസ്.ആര്.ടിയിലേക്കും പരീക്ഷിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനെ അടിമുടി അഴിച്ചുപണിയാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍. നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സിയെ ലാഭത്തിലാക്കുമെന്നും കോര്‍പ്പറേഷനിലെ രാഷ്ട്രീയ പ്രസരം അവസാനിപ്പിക്കുമെന്നതാണ് തച്ചങ്കരിയുടെ നിലപാട്.
ഗതാഗത കമ്മിഷണറായിരുന്ന വേളയില്‍ മന്ത്രി എ.കെ.ശശീന്ദ്രനുമായി തച്ചങ്കരി ഇടഞ്ഞതു ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. ജന്മദിനത്തില് ആര്.ടി. ഓഫീസുകളില്‍ ലഡ്ഡു വിതരണം ചെയ്തതിനെത്തുടര്‍ന്നുണ്ടായ വിവാദം തച്ചങ്കരിയുടെ ഗതാഗത കമ്മിഷണര്‍ കസേര തെറിപ്പിച്ചിരുന്നു. മന്ത്രിയുമായുളള സ്വരചേര്‍ച്ചയില്ലായ്മ പരിഹരിച്ചതായി സൂചനയുണ്ട്






