
ന്യൂഡല്‍ഹി: മലയാളം മികച്ച പ്രകടനം നടത്തിയ ദേശീയ ചലച്ചിത്ര പുരസ്ക്കാര വേളയില്‍ മികച്ച സംവിധായകനായി ജയരാജും സഹനടനായി ഫഹദ്ഫാസിലും മലയാളത്തിന്റെ അഭിമാനമുയര്‍ത്തി. മികച്ച നടിക്കുള്ള പുരസ്ക്കാരം മലയാളത്തിന്റെ പാര്‍വ്വതിയെ പിന്തള്ളി അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം ശ്രീദേവിക്ക് ലഭിച്ചു. യേശുദാസ് ഗായനായപ്പോള് സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനും എ ആര് റഹ്മാന് രണ്ടു പുരസ്കാരം നേടി. ബംഗാളി നടന് ഋഥീസെന്‍ മികച്ച നടനുള്ള പുരസ്ക്കാരം സ്വന്തമാക്കിയത്.
ലോകത്തെ നടുക്കിയ രണ്ടു മഹാ യുദ്ധങ്ങളുടെ ഭയാനകത നാട്ടിന് പുറങ്ങളില്‍ പോലും എങ്ങിനെ പ്രതിഫലിച്ചു എന്ന് പറഞ്ഞ ഭയാനകം എന്ന ചിത്രത്തിലൂടെയാണ് ജയരാജ് ദേശീയ ബഹുമതിയിലേക്ക് ഉയര്‍ന്നത്. ഈ ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കും ജയരാജ് പുരസ്ക്കാരത്തിന് അര്‍ഹനായി. ഭയാനകത്തിന്റെ ക്യാമറ ചലിപ്പിച്ച നിഖില്‍ പ്രവീണാണ് ഛായാഗ്രാഹകന്‍. ആളൊരുക്കം സാമൂഹ്യ പ്രസക്തിയുള്ള ചിത്രമായി.
വിശ്വാസപൂര്‍വ്വം മന്‍സൂറിലെ ഗാനത്തിനാണ് മികച്ച പിന്നണിഗായകനുള്ള പുരസ്ക്കാരം യേശുദാസിന് നേടിക്കൊടുത്തത്. തൊണ്ടി മുതലും ദൃക്സാക്ഷിയും, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ഫഹദിനെ മികച്ച സഹതാരമാക്കി മാറ്റിയത്. ശ്രീദേവിക്ക് പുരസ്ക്കാരം മരണാനന്തര ബഹുമതിയായി. അവസാന കാലത്ത് അഭിനയിച്ച ചിത്രങ്ങളില്‍ ഒന്നായ മോമിലെ പ്രകടനമാണ് പുരസ്ക്കാര നിറവിലേക്ക് ഉയര്‍ത്തിയത്. നഗര്‍ കീര്‍ത്തനാണ് ഋഥീസെന്നിനെ മികച്ച അഭിനേതാവാക്കി മാറ്റിയത്.
മികച്ച മലയാളചിത്രമായി ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്ക് സജി പാളൂരും ഈ ചിത്രത്തിലൂടെ പുരസ്ക്കാരത്തിന് അര്‍ഹമായി. മണ്ണിന്റെ മണമുള്ള സിനിമയെന്ന് പരാമര്‍ശിച്ച ശേഖര്‍കപൂര്‍ സിനിമയിലെ താരങ്ങളുടെ പ്രകടനത്തെയും മലയാള സിനിമകള്‍ മികച്ച നിലവാരമാണ് പുലര്‍ത്തിയതെന്നും പുകഴ്ത്തി. ടേക്ക് ഓഫിലൂടെ സന്തോഷ് രാജ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്ക്കാരവും സ്വന്തമാക്കിയപ്പോള്‍ സൗണ്ട് ഡിസൈനിംഗും റിക്കോര്‍ഡിംഗും വാക്കിംഗ് വിത്ത് വിന്‍ഡിലൂടെ സനല്‍ ജോര്‍ജ്ജ് നേടി.
ഇറാഖില്‍ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകലിനിരയായ നഴ്സുമാരുടെ കഥ പറഞ്ഞ ടേക്ക് ഓഫിലൂടെ പാര്‍വതിയും ന്യൂട്ടണിലെ അഭിനയത്തിന് പങ്കജ് ത്രിപാഠിയും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി. മികച്ച തമിഴ്ചിത്രമായി ടുലെറ്റും ഹിന്ദിചിത്രമായി ന്യൂട്ടണും . തെലുങ്കു ചിത്രമായി ഗാസിയും തെരഞ്ഞെടുക്കപ്പെട്ടു. ബാഹുബലി - 2 മൂന്ന് പുരസ്ക്കാരം നേടി. സംഘട്ടനം, സ്പെഷ്യല്‍ ഇഫക്ട്സ്, മികച്ച ജനപ്രിയ ചിത്രം എന്നിവ ബാഹുബലിക്ക് നേട്ടമായി. മണിരത്നത്തിന്റെ കാട്രു വെളിയിടൈ എന്ന ചിത്രത്തിലൂടെ എആര്‍ റഹ്മാന് രണ്ടു പുരസ്ക്കാരം സ്വന്തമാക്കിയത്.
മികച്ച നൃത്തസംവിധാനം: ടോയ്ലറ്റ് ഏക് പ്രേംകഥ നേടി. കഥേതര വിഭാഗത്തിലെ ചിത്രത്തിനുള്ള പുരസ്ക്കാരം വാട്ടര്‍ബേബി നേടി. മികച്ച അഡ്വഞ്ചര്‍ ചിത്രം ലഡാക്ക് ചലേ റിക്ഷാവാല, സാമൂഹ്യപ്രസക്തിയുള്ള ചിത്രമായി അയാം ബോണിയേയും തെരഞ്ഞെടുത്തു. ശേഖര്‍ കപൂര്‍ അദ്ധ്യക്ഷനായ ജൂറിയാണ് ദേശീയപുരസ്ക്കാരം പ്രഖ്യാപിച്ചത്.അറുപത്തഞ്ചാമത് ദേശീയ പുരസ്ക്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ട 11 മലയാളചിത്രങ്ങളാണ് ജൂറി കണ്ടത്. പ്രാദേശിക സിനിമകളുടെ മികച്ച നിലവാരം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ജൂറി ചെയര്മാന് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.






