
പൂനെ: ലോഹഗഡ് കോട്ട കൊലപാതകക്കേസില്‍ കേതനെ വിവാഹം കഴിക്കാന്‍ സിയയുടെ ഇഷ്ടക്കുറവിന് കാരണമായത് വിക്കുള്ള സംസാരവും മുടി കൊഴിച്ചിലും. അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ തന്റെ പ്രതിശ്രുത വരന് കേതന് അഗര്‍വാളിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സിയ ഗോയല്‍ വെളിപ്പെടുത്തിയ മൂന്ന് കാരണങ്ങളില്‍ പ്രധാനം ഇവയായിരുന്നു.
കുടുംബത്തെ വിഷമിപ്പിക്കാതിരിക്കാനാണ് കേതനോടുള്ള തന്റെ വിമുഖത സിയ മറച്ചുവെച്ചത്. കേതന്റെ മരണം ഒരു ട്രെക്കിംഗ് അപകടമായി ചിത്രീകരിക്കാനായിരുന്നു ആസൂത്രണം. കേതനെ വിവാഹം കഴിക്കാന്‍ സിയ ഇഷ്ടപ്പെടാതിരുന്നതിന് പല കാരണങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. കേതന്റെ സംസാരവൈകല്യം ഇരു കുടുംബങ്ങള്‍ക്കും അറിയാമായിരുന്നുവെന്ന് പോലീസ് പറയുന്നു. അവരതിനെ ഒരു സാധാരണ അവസ്ഥ മാത്രമായേ കണ്ടിരുന്നുള്ളൂ. അതേസമയം കേതനുമായി സിയ നടത്തിയ ചാറ്റുകളില്‍ വിവാഹം വേണ്ടെന്നുവെക്കാന്‍ അവള് ആഗ്രഹിച്ചിരുന്നു എന്ന വാദങ്ങള്‍ക്ക് വിരുദ്ധമാണ്. സ്നേഹവും സാധാരണമായ ഒരു ബന്ധമായിരുന്നു അതില്‍ ഉണ്ടായിരുന്നത്.
അവരുടെ സംഭാഷണങ്ങളില്‍ തര്‍ക്കങ്ങളുടെയോ എതിര്പ്പുകളുടെയോ യാതൊരു തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായിട്ടില്ല. വിവാഹവുമായി മുന്നോട്ട് പോകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന കാര്യം എന്തുകൊണ്ട് കുടുംബത്തെ അറിയിച്ചില്ല എന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കുടുംബാംഗങ്ങളുടെ വികാരങ്ങളെ വേദനിപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നായയിരുന്നു മറുപടി.
വീട്ടുകാരെ വിഷമിപ്പിക്കുന്നതിന് പകരം കേതനെ ഇല്ലാതാക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി എന്ന് അവള് വിശ്വസിച്ചിരുന്നതായി പോലീസ് പറയുന്നു. ഒരു ട്രെക്കിംഗ് യാത്രയ്ക്കിടയില്‍ കേതന് ഉയരത്തില്‍ നിന്ന് വീണു മരിച്ചതായി വരുത്തിതീര്‍ക്കാനുള്ള ഒരു പദ്ധതിയെക്കുറിച്ച് താന്‍ ചര്‍ച്ച ചെയ്തിരുന്നു. ഇത്തരമൊരു മരണം ആരില്‍ നിന്നും സംശയം ഉണര്ത്തില്ലെന്നും ആരും ഇതിനെ ചോദ്യം ചെയ്യില്ലെന്നും കരുതി. സംഭവം ആസൂത്രണം ചെയ്ത സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഇല്ലെന്നാണ് സിയ വിശ്വസിച്ചിരുന്നത്.






