
ന്യൂഡല്‍ഹി: ചെന്നൈയ്ക്ക് പിന്നാലെ ഡല്‍ഹിയും ഹോം മത്സരങ്ങള്‍ മാറ്റാനൊരുങ്ങുന്നു. ഫിറോസ് ഷാ കോട്ലയിലാണ് ഡല്‍ഹിയുടെ ഹോം മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇവിടെ ടെലിവിഷന്‍ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് ഡല്‍ഹി കോടതിയിലുള്ള കേസാണ് വേദിമാറ്റത്തിനായി ഇപ്പോള്‍ ഡല്‍ഹിയെ പ്രേരിപ്പിക്കുന്നത്.
ഏപ്രില്‍ 18-നാണ് കോടതിയില്‍ കേസ് വരുന്നത്. വേദി മാറ്റത്തെ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അപ്പോള്‍ മാത്രമേ തീരുമാനിക്കാന്‍ സാധിക്കുകയുള്ളു. ഡല്‍ഹി ഡെയര്‍ ഡെവിള്‍ സിഇഒ ഹേമന്ത് ദുവ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം 23-നാണ് ഡല്‍ഹിയുടെ അടുത്ത ഹോം മത്സരം നടക്കുക. കാണ്‍പൂര്‍, രാജക്കോട്ട്, ഇന്‍ഡോര്‍, റായ്പൂര്‍ എന്നീ വേദികളാണ് ഡല്‍ഹിയുടെ പരിഗണനയിലുള്ള സ്റ്റേഡിയങ്ങള്‍. നിലവില്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലെങ്കില്‍ ഫിറോസ് ഷാ കോട്ലയില് തന്നെ കളി നടക്കുമെന്നും ഡെവിള്‍സ് മാനേജ്മെന്റ് വ്യക്തമാക്കി.






