
കൊച്ചി: കേരളത്തില്‍ നോട്ടുക്ഷാമമില്ലെന്ന് എസ്.ബി.ഐ. എല്ലാ കറന്‍സി ചെസ്റ്റുകളിലും ആവശ്യത്തിന് നോട്ടുകളുണ്ടെന്നും ഏതെങ്കിലും സംസ്ഥാനത്തെ കറന്‍സി ചെസ്റ്റുകളില്‍ ക്ഷാമമുണ്ടാകുമ്പോള്‍ സമീപത്തുള്ള സംസ്ഥാനങ്ങളിലെ കറന്‍സി ചെസ്റ്റുകളില്‍ നിന്ന് നോട്ടുകള്‍ എത്തിക്കുന്നത് സാധാരണമാണെന്നും എസ്.ബി.ഐ അറിയിച്ചു.
ഹൈദരാബാദിലും വരാണസിയിലും ഇന്നലെ മുതല്‍ എടിഎമ്മുകളില്‍ പണമില്ലെന്ന് ആളുകള്‍ പരാതിപ്പെടുന്നതായി വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ധനമന്ത്രാലയ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
കഴിഞ്ഞമാസം തെലങ്കാനയിലും ആന്ധ്രയിലും നോട്ട് ക്ഷാമമുണ്ടായപ്പോള്‍ കേരളത്തില്‍ നിന്നാണ് നോട്ടുകള്‍ എത്തിച്ചിരുന്നതെന്നും എസ്.ബി.ഐ വ്യക്തമാക്കി. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കറന്‍സി ചെസ്റ്റുകളിലേക്ക് നോട്ട് എത്തിക്കാനുള്ള നിര്‍ദേശമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അറിയിപ്പ് കിട്ടിയാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നോട്ട് കയറ്റി അയക്കാന്‍ തയാറാണെന്നും എസ്.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.






