
ചിക്കമംഗലുരു: വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരുവില്‍ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 9.00 മണിയോടെ മൃതദേഹം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. 10.00 മണി വരെ പൊതുദര്‍ശനത്തിന് വെച്ച ശേഷം 10.30 ഓടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ഇന്നലെ ചിക്കമഗളൂരു ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്.
ഏപ്രില്‍ ഏഴിന് ചൊവ്വാഴ്ച വൈകിട്ടോടെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചാണ് ശ്രീനന്ദയെ കാണാതാകുന്നത്. കടമ്പഴിപ്പുറത്തുനിന്ന് കുടുംബമടങ്ങുന്ന 40 അംഗ സംഘത്തിനൊപ്പമാണ് പെണ്‍കുട്ടി ചിക്കമഗളൂരുവിലെത്തിയത്. കുട്ടിക്കായി പോലീസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന എന്നിവരടങ്ങുന്ന നൂറംഗ പ്രത്യേക ദൗത്യസംഘം വിപുലമായ തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ 1500 അടി താഴ്ചയുള്ള മാണിക്യധാര വ്യൂ പോയിന്റിന് താഴെ ഒരു മരത്തില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.
ശ്രീനന്ദയുടെ മരണത്തില്‍ കുടുംബം ആദ്യമേ ദുരൂഹത ആരോപിച്ചിരുന്നു. കുട്ടി കാണാതായ സ്ഥലത്തല്ല മൃതദേഹം കണ്ടെത്തിയതെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍ ശശികുമാര്‍ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് നേരത്തെ മൂന്ന് തവണ തിരച്ചില്‍ നടത്തിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോഗ് സ്‌ക്വാഡ് വന്നപ്പോള്‍ പോലീസ് നായ ഓടിയത് മൃതദേഹം കണ്ടെത്തിയതിന് നേരെ വിപരീത ദിശയിലുള്ള കടയുടെ അടുത്തേക്കായിരുന്നുവെന്നും കുടുംബം പറയുന്നു.
കുടുംബത്തിന്റെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കേരള പോലീസിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിച്ചു. മരണകാരണത്തില്‍ വ്യക്തത വരുത്താന്‍ ശാസ്ത്രീയമായ അന്വേഷണം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.






