
ഹൈദരാബാദ്: കോണ്‍ഗ്രസുമായി സഖ്യം സാധ്യമല്ലെന്ന നിലപാടിലുറച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ട്. സീതാറാം യെച്ചൂരി അവതരിപ്പിക്കുന്നത് ബദല്‍രേഖയല്ല, അത് പാര്‍ട്ടിയിലെ ന്യൂനപക്ഷത്തിന്റെ അഭിപ്രായം മാത്രമാണെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.
അതേസമയം പാര്‍ട്ടി ബിജെപിയെ തോല്‍പ്പിക്കാനുള്ള നിലപാട് കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയനയവും അടവുനയവും കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ലെന്നും പ്രകാശ കാരാട്ട് പറഞ്ഞു. ബദല്‍ രേഖയായി തന്നെയാണ് യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.
കൊല്‍ക്കത്ത കേന്ദ്രക്കമ്മിറ്റി വോട്ടിനിട്ട് അംഗീകരിച്ചതാണ് രാഷ്ട്രീയപ്രമേയത്തിന്റെ കരട് രേഖയെന്ന് ആമുഖ പ്രസംഗത്തില്‍ കാരാട്ട് വിശദീകരിച്ചു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കാരാട്ട് ഉറപ്പിച്ചു പറഞ്ഞു. ബിജെപിക്കെതിരെ പോരാടാന്‍ നിരവധി വഴികളുണ്ടെന്നും കര്‍ണാടക തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചിരിക്കുന്നത് അത്തരം നടപടിയാണെന്നും കാരാട്ട് വ്യക്തമാക്കി.






