ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയതില്‍ വിശദീകരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നോട്ടീസ് തള്ളാനുള്ള തീരുമാനം തിടുക്കത്തില്‍ എടുത്തതല്ലെന്നും വേണ്ടത്ര ആലോചനയ്ക്ക് ശേഷം എടുത്തതാണെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എങ്കിലും അന്തിമമായി സത്യം മാത്രമേ വിജയിക്കൂ എന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ഇംപീച്ച്മെന്റ് നോട്ടീസ് തള്ളി ഒരു ദിവസത്തിന് ശേഷമാണ് ഉപരാഷ്ട്രപതിയുടെ പ്രതികരണം. ഭരണഘടന പ്രകാരമാണ് നോട്ടീസ് തള്ളാനുള്ള തീരുമാനം എടുത്തത്. ഞാന്‍ എന്റെ കര്‍ത്തവ്യമാണ് നിറവേറ്റിയത്. അതില്‍ ഞാന്‍ തൃപ്തനാണ്-ഉപരാഷ്ട്രപതി പറഞ്ഞു. നോട്ടീസ് തള്ളിയതിന് തന്നെ അഭിനന്ദിക്കാന്‍ എത്തിയ സുപ്രീം കോടതി അഭിഭാഷകരോടായിരുന്നു വെങ്കയ്യ നായിഡുവിന്റെ പ്രതികരണം.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഇംപീച്ച്മെന്റ് നോട്ടീസ് ഇന്നലെയാണ് രാജ്യസഭാ ചെയര്മാന് കൂടിയായ ഉപരാഷ്ട്രപതി തള്ളിയത്. നോട്ടീസ് തള്ളിയ നടപടി ഭരണഘടനാ വിരുദ്ധവും തിടുക്കത്തിലുള്ളതുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. നോട്ടീസ് തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി ഉപരാഷ്ട്രപതി രംഗത്ത് വന്നത്.






